രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് അവതരണം നീണ്ടുനിന്നത് കൃത്യം ഒരു മണിക്കൂർ. മുൻധനമന്ത്രിമാരുടെ ബജറ്റ് അവതരണത്തിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ടാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. നാടകീയതകളോ കവിതാ ശകലങ്ങളോ മഹാരഥന്മാരുടെ ഉദ്ധരണികളോ അല്ലെങ്കിൽ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളോ ഒന്നും തന്നെ കെഎൻ ബാലഗോപാലിന്റെ കന്നി ബജറ്റിലുണ്ടായിരുന്നില്ല.

ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു.

ഈ ബജറ്റ് പ്രസക്തമാകുന്നത് തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചും തയ്യാറാക്കി എന്നതുകൊണ്ടുകൂടിയാണ്. ബജറ്റ് ഊന്നൽ നൽകിയത് കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

മുൻഗാമികളായായ ഡോ. തോമസ് ഐസക്കും അന്തരിച്ച കെഎം മാണിയും ബജറ്റുകളിൽ കവിതാശകലങ്ങളോ ഉദ്ധരണികളോ ഉൾപ്പെടുത്തുന്നത് പതിവായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാലിന് അഭിനന്ദനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയിലും വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന പുത്തന്‍ പദ്ധതികള്‍ക്ക് ഇടം നല്‍കി ബജറ്റ് അവതരിപ്പിച്ചുവെന്ന് അദ്ദേഹം കുറിച്ചു.

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റില്‍ അധികമായി അനുവദിച്ചത് സന്തോഷകരമാണ്. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്നതിനായി കെ എഫ് സി 400 കോടി രൂപ വായ്പ നല്‍കും. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യത്തിനായി 5 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.

കേരളത്തിന്റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകര്‍ഷകമാക്കുന്നതിനുള്ള രണ്ട് സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാര്‍ന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികള്‍ക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍,എം ടി വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ ഇടങ്ങളിലൂടെയാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്. ബേപ്പൂര്‍ , തുഞ്ചന്‍ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, തൃത്താല എന്നീ പ്രദേശങ്ങളെ കോര്‍ത്തിണക്കുന്നതാണ് ലിറ്റററി സര്‍ക്യൂട്ട്.

കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടെന്ന് മന്ത്രി കുറിച്ചു.