ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിമർശനം.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്.” സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയുടെ പരാമർശം ഇതിനകം വിവാദമായി മാറിയിട്ടുണ്ട്. ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി രാജിവയ്ക്കണം അല്ലെങ്കിൽ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് വി ഡി സതീശൻ പറഞ്ഞു. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രിയുടെ പരാമർശമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി. പരാമർശം വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. എന്നാൽ ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം പരിശോധിക്കുമെന്ന് പരിശോധിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി. സജി ചെറിയാന്റെ പ്രതികരണം കണ്ടശേഷം മറുപടി പറയാമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രതികരണം. അതിനിടെ, വിവാദപ്രസംഗത്തിൽ രാജ്ഭവനും വിശദാംശങ്ങള്‍ തേടിയെന്നാണ് വിവരം.