ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ജയിൽ ശിക്ഷ അനുഭവിക്കുവാൻ എസ്റ്റോണിയയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ തള്ളിയിരിക്കുകയാണ് ലേബർ സർക്കാർ മന്ത്രിമാർ. നിലവിൽ രാജ്യത്തെ ജയിലുകളിൽ സ്ഥലപരിമിതികൾ വർദ്ധിച്ചിരിക്കുകയാണ്. ജയിലുകളുടെ ശേഷിയേക്കാൾ കൂടുതൽ തടവുകാരെയാണ് ചിലയിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ബാൾട്ടിക് രാജ്യമായ എസ്റ്റോണിയ തങ്ങളുടെ ജയിൽ സെല്ലുകൾ മറ്റു രാജ്യങ്ങൾക്ക് വാടകയ്ക്ക് നൽകാമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ, ബ്രിട്ടീഷ് നീതിന്യായ മന്ത്രാലയം അത്തരത്തിൽ ഒരു തീരുമാനം ആലോചിക്കുന്നുണ്ടെന്ന് ടെലഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ജയിൽ എസ്റ്റേറ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന മിനിസ്ട്രി ഓഫ് ജസ്റ്റിസ് വക്താവ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇത്തരം ഒരു നടപടിയെ സംബന്ധിച്ച് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്.

പ്രതിസന്ധിയിൽ ആയിരിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയും, തകർച്ചയുടെ വക്കിൽ ആയിരിക്കുന്ന ജയിലുകളുടെ സാഹചര്യവുമാണ് പുതിയ ഗവൺമെന്റ് അധികാരത്തിൽ ഏറ്റപ്പോൾ ഉണ്ടായിരുന്നത്. ജയിലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ പ്രായോഗിക ഓപ്ഷനുകളും തങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും, എസ്റ്റോണിയൻ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുക്കുന്ന നടപടി ഉണ്ടാവുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ തീരുമാനം മുൻ സർക്കാരിന്റേതായിരുന്നുവെന്നും, ലേബർ പാർട്ടി സർക്കാരോ മന്ത്രിമാരോ ഇത്തരം ഒരു തീരുമാനം അറിയിച്ചിട്ടില്ലെന്നും ഡൗണിങ് സ്ട്രീറ്റ്റിലെ മറ്റൊരു വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുത്താൽ സർക്കാരിന് ചെലവുകൾ ഇരട്ടിയാകും. അതിനാൽ തന്നെ അത്തരമൊരു തീരുമാനം ലേബർ പാർട്ടി സർക്കാർ ഉടൻ എടുക്കുകയില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ദീർഘകാല പദ്ധതിയുടെ ഭാഗമായി കൂടുതൽ ജയിലുകൾ നിർമ്മിക്കുവാൻ ലേബർ സർക്കാർ പദ്ധതിയിടുന്നുണ്ട്. ശിക്ഷാ നിയമനിർമ്മാണവും അതിന്റെ പ്രായോഗികതയും അടിയന്തിരമായി സ്വതന്ത്രമായി അവലോകനം ചെയ്യാൻ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്തയാഴ്ച തങ്ങളുടെ ശിക്ഷയുടെ 40 ശതമാനത്തോളം അനുഭവിച്ച 1500 ഓളം പേരെ റിലീസ് ചെയ്യാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്.