ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബർ പൂൾ വർധിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിനിടയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സർവകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാൻ പോകുന്നത്. നിലവിൽ 680,000 വിദേശ വിദ്യാർത്ഥികൾക്ക് ടേം ടൈമിൽ ആഴ്ചയിൽ 20 മണിക്കൂർ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എന്നാൽ വർക്കിംഗ്‌ സമയം വർദ്ധിപ്പിക്കുന്നത് കൂടുതൽ പണം സംബന്ധിക്കാനും അവസരം നൽകുന്നുണ്ട്. 30 മണിക്കൂറായി സമയപരിധി ഉയർത്താനാണ് ശ്രമം. സാമ്പത്തികമായി അഭിവൃദ്ധി കൈ വരിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. അതേസമയം,വിദേശ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാജ്വേറ്റ് വിസ റൂട്ട് ദുരുപയോഗം ചെയ്യുമെന്നും ബ്രാവർമാൻ പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ബിരുദ വിസയിൽ വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരാനുള്ള സമയം രണ്ട് വർഷത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷം അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ വരെ എത്തിയ 1.1 ദശലക്ഷം ആളുകളിൽ 476,000 മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അനുദിനം ദൈനംദിന ചിലവുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് സഹായകരമാണെന്ന് ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് പഠനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നത്.