ഷെറിൻ പി യോഹന്നാൻ

ബേസിൽ ജോസഫിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ സങ്കീർണ്ണമായ സംഗതികളില്ല. ലളിതമായ കഥയിലൂടെയും പുതുമയാർന്ന കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ ആനന്ദിപ്പിക്കുകയാണ് അദ്ദേഹം. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വിജയവും ഇതുതന്നെയാണ്. ദേശത്തും കുറുക്കൻമൂലയിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന കഥകളെ അദ്ദേഹം പറയുന്നുള്ളൂ. ഇത്തവണ ‘മിന്നൽ മുരളി’യാണ് താരം. മറ്റൊരു സൗത്ത് ഇന്ത്യൻ സിനിമയ്ക്കും നൽകാത്ത പബ്ലിസിറ്റിയാണ് കുറുക്കൻമൂലയിലെ സൂപ്പർഹീറോയുടെ കഥയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്.

മിന്നലടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ജെയ്സണാണ് കഥാനായകനെങ്കിലും ഇതൊരു ഗ്രാമത്തിന്റെ കഥയാണ്. ആ ഗ്രാമനിവാസികളുടെ ഇടപെടലുകളാണ് കഥയെ രസകരമാക്കുന്നത്. ആരംഭത്തിൽ തന്നെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോലിയില്ലാത്ത, നാട്ടുകാർ പലരും പുച്ഛഭാവത്തോടെ സമീപിക്കുന്ന ജെയ്സൺ. ഊഹാപോഹങ്ങളുമായി കേസന്വേഷണം നടത്തുന്ന പോലീസുകാരും കുറ്റം പറയുന്ന നാട്ടുകാരും. പിന്നെ ഒരു ചായക്കടക്കാരനും.
കൃത്യമായ ഇടങ്ങളിൽ കോമഡിയും കോൺഫ്ലിക്റ്റും പ്ലേസ് ചെയ്തുകൊണ്ട് രണ്ടര മണിക്കൂർ ദൈർഖ്യമുള്ള സിനിമയെ എൻഗേജിങ്‌ ആക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ. അതിമാനുഷിക കഴിവുകൾ ലഭിച്ചുവെന്ന് തിരിച്ചറിയുന്ന സാഹചര്യം, വാർഷികാഘോഷത്തിലെ സംഘട്ടനം, ഉഷ – ഷിബു കോമ്പിനേഷൻ സീൻ, ക്ലൈമാക്സ്‌ ഫൈറ്റ് എന്നിവയൊക്കെ മികച്ച രംഗങ്ങളാണ്. ‘ഉയിരേ’ എന്ന മനോഹര ഗാനം പ്ലേസ് ചെയ്ത വിധവും ഇഷ്ടപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സമീർ താഹിറിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ ‘രാവിൽ’ എന്ന ഗാനവും ട്രൈബൽ സോങ്ങും നന്നായിരുന്നെങ്കിലും ക്ലൈമാക്സിൽ പശ്ചാത്തല സംഗീതത്തിന് ശക്തമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം കണ്ടിരുന്നുപോവുമെന്നതിനാൽ അത് വലിയൊരു കുറവായി അനുഭവപ്പെടില്ല.

മിന്നൽ മുരളിയായി ടോവിനോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗുരു സോമസുന്ദരമാവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുക. എന്ത് ഗംഭീരമായ പ്രകടനമാണ്… ഒരേ സമയം വിവിധ ഭാവങ്ങൾ ആ മുഖത്ത് കാണാം. പ്രതികാരദാഹിയായ കഥപാത്രത്തിലേക്കുള്ള ചുവടുമാറ്റം ഞെട്ടിക്കുന്നുണ്ട്. സൂപ്പർഹീറോയെ നിരന്തരമായി പുകഴ്ത്താതെ വില്ലന്റെ ജീവിതത്തെ ഫോക്കസ് ചെയ്യാൻ തിരക്കഥ തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയം. സൂപ്പർഹീറോയുടെ തണലിലല്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്ന നായികയും ജോസ്മോനായി തിളങ്ങിയ വസിഷ്ട് ഉമേഷും ഇവിടെ കയ്യടി നേടുന്നു.

Last Word – സിംപിൾ സീനുകളെ വളരെ ക്രീയേറ്റീവായാണ് ബേസിൽ സമീപിക്കുന്നത്. അത് ‘മിന്നൽ മുരളി’യെ ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. പ്രേക്ഷകനെയും പരിഗണിച്ചുള്ള കഥപറച്ചിലും സാങ്കേതിക വശങ്ങളിലെ മികവും മിന്നൽ മുരളിയുടെ ‘ശക്തി’ കൂട്ടുന്നു.