ഷെറിൻ പി യോഹന്നാൻ

നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 1994ലെ ISRO ചാരക്കേസ് ആയിരിക്കും. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തിയെന്ന ആരോപണമാണ് നമ്പി നാരായണന് നേരെ ഉയർന്നത്. പിന്നാലെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനം, ജയിൽവാസം, രാജദ്രോഹിയെന്ന ആക്ഷേപം, കുടുംബത്തിന് നേരെയുള്ള അക്രമം എന്നുതുടങ്ങി നിരവധി പ്രതികൂലതകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നിരപരാധി ആണെന്ന് കാലം തെളിയിച്ചപ്പോഴും നമ്പി നാരായണൻ തന്റെ പോരാട്ടം തുടർന്നു.

എന്നാൽ ഇതുമാത്രമല്ല നമ്പി നാരായണൻ. ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായിരുന്നു നമ്പി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനം, ഫ്രാൻസിലെ പരിശ്രമങ്ങൾ, വികാസ് എഞ്ചിന്റെ ഉപജ്ഞാതാവ്, ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവൻ തുടങ്ങി ഒട്ടേറെ അഭിമാനനേട്ടങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ചാരക്കേസ് ആവും. ആ മുൻവിധിയെ പൊളിച്ചെഴുതുകയാണ് മാധവൻ, ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലൂടെ.

1994-ലെ സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നമ്പിയുടെ കുടുംബത്തിൽ നിന്നു തന്നെ. ശ്രീ വെങ്കടേശ്വര സുപ്രഭാതം എന്ന ഗാനം ആദ്യ സീനുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയിക്കുമ്പോൾ നമ്പി നാരായണൻ എന്ന പേര് വീണ്ടും മുഖ്യധാരയിലേക്ക് വരുന്നു. 2013-ൽ നടക്കുന്ന അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതം പറയുകയാണ്; ഓരോരോ അധ്യായങ്ങളായി.

തമിഴിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനുമാണ് നമ്പി നാരായണനെ ഇന്റർവ്യൂ ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ഇരുവരും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന വാർത്ത മുൻപ് വന്നിരുന്നു. ക്ലൈമാക്സിൽ സൂര്യയുടെ പ്രകടനം വളരെ സ്വാഭാവികമായി തന്നെ സ്‌ക്രീനിൽ നിറയുന്നുണ്ട്. ഷാരൂഖ്, സൂര്യ ഫാക്ടറാണ് ഈ ചിത്രത്തിന്റെ USP എന്ന് പറയുന്നതിൽ തെറ്റില്ല. കാനിൽ പ്രദർശിപ്പിച്ച ചിത്രമായതിനാലും നമ്പി നാരായണന്റെ ജീവിതകഥ ആയതിനാലും ആദ്യം ദിനം തന്നെ കണ്ടു.

നമ്പി നാരായണന്റെ വ്യക്തിജീവിതം ആദ്യപകുതിയിലും 94ലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും രണ്ടാം പകുതിയിലുമായി പറയുന്നു. ഒരു ബയോപിക് ഒരുക്കുമ്പോൾ സംവിധായകൻ സഞ്ചരിക്കുന്ന വഴിയിലൂടെയൊക്കെ മാധവൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഫൈനൽ ഔട്ട്‌പുട്ടിൽ കഥ ഓവറായിട്ടില്ല. ‘ചെറുതൊന്നും ചെയ്ത് ശീലമില്ലാത്ത’ നമ്പിയുടെ കഴിവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ പകുതിയിലെ കാഴ്ചകൾ. പലപ്പോഴും ഒരു സയൻസ് ക്ലാസിൽ ഇരിക്കുന്ന ഫീലാണ് ലഭിക്കുക.

രണ്ടാം പകുതിയിൽ ചാരക്കേസും തുടർന്ന് ഒരു ഇമോഷണൽ ഡ്രാമയെന്ന നിലയിലുമാണ് ചിത്രം നീങ്ങുന്നത്. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട് മാധവൻ. വേഷപകർച്ചയിലും രൂപഭാവത്തിലും നമ്പി നാരായണനായി ഗംഭീര പ്രകടനം. പോലീസ് സ്റ്റേഷനിൽ ചായ കുടിക്കുന്ന സീനിൽ മാധവനിലെ മികച്ച അഭിനേതാവിനെ, ആ കഥാപാത്രത്തെ സാംശീകരിച്ചുള്ള പ്രകടനം കാണാം. രണ്ടാം പകുതിയിൽ ഡയലോഗുകൾ ഷാർപ്പ് ആകുമ്പോൾ മാധവന്റെ സംവിധാനവും മികവിലെത്തുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയും കുടുംബത്തിന് നേരെയും ഉണ്ടായ അക്രമങ്ങളെ ഇന്റൻസായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സിമ്രാന്റെ പ്രകടനമികവും സീനുകളെ മികച്ചതാക്കുന്നു.

നാസയുടെ ക്ഷണം നിരസിച്ച് ഇസ്റോയിൽ ചേർന്ന, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച, കലാമിനൊപ്പം രാജ്യം വാഴ്ത്തിപ്പാടേണ്ടിയിരുന്ന, ഇസ്റോ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ കഥയാണിത്. അയാളുടെ പോരാട്ടത്തെക്കാൾ ഏറെ അയാളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോക്കറ്റ് സയന്റിസ്റ്റിന്റെ കഥ പറയുമ്പോഴും സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ആദ്യ പകുതിയിൽ പലയിടത്തും ഒരു ഹീറോ എന്ന നിലയിലാണ് നമ്പിയെ പ്രതിഷ്ഠിക്കുന്നത്.

നമ്പി നാരായണൻ്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ രചിക്കുകയും, ‘നമ്പി ദി സയൻ്റിസ്റ്റ്’ എന്ന ഡോക്യുമെൻ്ററി ഒരുക്കുകയും ചെയ്ത പ്രജേഷ് സെൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനം നമ്പി നാരായണനെ സ്‌ക്രീനിൽ എത്തിച്ചുകൊണ്ട്, അദ്ദേഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ഒക്കെ മൊഴിമാറ്റിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലേക്കുള്ള ഈ മാറ്റമാണ് ആസ്വാദനത്തെ ബാധിക്കുന്നത്. വിദേശ വ്യക്തികളുടെ സംസാരമൊക്കെ തമിഴിലും മലയാളത്തിൽ ആക്കിയത് എന്തിനാണ്? സംഭാഷണം ഇംഗ്ലീഷിൽ തന്നെ ഒരുക്കി സബ്ടൈറ്റിൽ നൽകുന്നതായിരുന്നു ഉചിതം. ഈയൊരു പ്രശ്നം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞിരിക്കേണ്ട കഥയെ, അതിന്റെ സത്ത ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കാൻ മാധവന് കഴിഞ്ഞിട്ടുണ്ട്.

💥Bottom Line – നമ്പി നാരായണന്റെ വ്യക്തി ജീവിതവും ഇസ്റോ ചാരക്കേസും അതിന്റെ പ്രത്യാഘാതങ്ങളും നിയമ പോരാട്ടങ്ങളും പറയുന്ന സിനിമ. മൊഴിമാറ്റത്തിലെ പ്രശ്നങ്ങളും ആദ്യ പകുതിയിൽ ചിലയിടത്തുണ്ടാവുന്ന കൃത്രിമത്വവും കല്ലുകടിയാവുന്നുണ്ടെങ്കിലും വിഷയസ്വീകാര്യതയും നീതിപൂർവമായ ആഖ്യാനവും പരിഗണിച്ച് തിയേറ്ററിൽ കാണാവുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്ട്’