ജേക്കബ് പ്ലാക്കൻ

ഒരു തിരി വെട്ടത്തിനായി
ഒരു രാവതിൽ ഞാനലയവെ
ഒരു സുര്യ വെട്ടമായി
ഒരു മിനുങ്ങു വന്നു മുന്നിൽ

കാനനാന്ധകാര നടുവിൽ
കാലിണകൾ വഴി തേടികുഴയവേ
ഒരു ദൈവദൂതി പോൽ നീ
യെന്നരികിലൊഴുകി വന്നു …

നിലവറപൂട്ടിനുള്ളിലെ
നിലാ ഗദ്ഗദം പോൽ
മുളം തണ്ട് കാറ്റിലുരഞ്ഞു
തേങ്ങുമൊരിരവിൽ വന്നൊരു
തുള്ളിവെളിച്ചമേ നീയാര് ..?

നീല സരസ്സിൽ നീന്തും
ജല കന്യകതൻ
പട്ടാംബരത്തിൽനിന്നാറ്റൊരു
പവിഴ ശല്കമോ ..?
നിശാംബരത്തിലീശ്വരൻ പതിച്ച കമ്ര
നക്ഷത്രകല്ലൊന്നടർന്നതോ ..?
മേഘ ദ്യുതിൽ നിന്നൊരിഴ താഴെ
മഴനൂലിഴയിലലിയുവാൻ വന്നതോ ..?
അതോ ….?
മഞ്ചാടി മരം മർത്യനർപ്പിച്ച യന്ത്യമാം
കണ്ണീർ മുത്തോ ..?

ആരുനീ യോമലേ പാതിരാ
നേരമതിൽ പാതയില്ലാതലയും
പഥികനു വഴിയേകി പറക്കും
പതംഗമേ പറയു ..യാരു നീ ..?

മിനുങ്ങേ ,
നീയെങ്ങനെ, തമസ്സിൽ മുങ്ങിയൊരു
നഭസ്സിൽ തുള്ളി വെളിച്ചമായിതുള്ളും ..?
നിന്നന്തകരണത്തിനുള്ളിലെ
മിന്നുമി സ്നേഹതീയിലിത്തിരി
എന്നുള്ളിലിനിയും തെളിയാത്ത തിരിയിലുമൊന്നു പകാരമോ ..?..

മിന്നാത്തതും മിന്നിച്ചു നെഗളിക്കും
മൃത്തിൽ,നീമാത്രമല്ലോ ഇന്ദ്രഗോപം.
മിന്നാ മിനുങ്ങേ,നിൻ മിന്നും പ്രകാശം നിൻ
പിന്നിലെന്നതെൻ അകക്കണ്ണിലുംമിന്നു മിന്നി …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814