ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ കുട്ടികൾ മരിക്കാനുള്ള സാധ്യത നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ (പിഐസിയു) പ്രവേശിപ്പിച്ച ഈ കുട്ടികൾക്ക് സ്ഥിരമായി മോശം ഫലങ്ങൾ ഉണ്ടായതായി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ അക്കാദമിക് വിദഗ്ധർ നടത്തിയ ഗവേഷണത്തിൽ ആണ് കണ്ടെത്തിയത്. ഇതിനു പുറമെ ഇത്തരം വംശീയ ന്യൂനപക്ഷത്തിൽ പെട്ടവർ ഡിസ്ചാർജ് ചെയ്തതിനുശേഷം വീണ്ടും ഗുരുതരാവസ്ഥയിൽ പ്രവേശിക്കുന്നതിനും സാധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് .
2008 നും 2021 നും ഇടയിൽ യുകെയിലുടനീളമുള്ള 15 വയസ്സും അതിൽ താഴെയും പ്രായമുള്ള 160,000-ത്തിലധികം കുട്ടികളിൽ നടത്തിയ 14 വർഷത്തെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലാൻസെറ്റ് ചൈൽഡ് & അഡോളസെന്റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആരോഗ്യ മേഖലയിലെ കടുത്ത അസമത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മുൻ പഠനങ്ങൾ പ്രകാരം ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരുടെ കുട്ടികൾ പിഐസിയുവിൽ പ്രവേശിപ്പിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതൽ ആണ്. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം ഏഷ്യൻ ന്യൂനപക്ഷ വംശത്തിൽ പെട്ട കുട്ടികൾ പിഐസിയുവിൽ പ്രവേശിക്കുന്ന സംഭവത്തിൽ മരണപ്പെടുന്നവരുടെ എണ്ണം വെളുത്ത വർഗക്കാരെക്കാൾ 52 ശതമാനം കൂടുതലാണ്. 26022 വംശീയ ന്യൂനപക്ഷത്തിൽപെട്ട കുട്ടികൾ പിഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 1336 പേരാണ് മരണമടഞ്ഞത്. വെളുത്ത വംശജരായ കുട്ടികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ 154,041പേർ പ്രവേശിച്ചപ്പോൾ 4,960 പേരാണ് മരിച്ചത്.
ഈ അസമത്വത്തിന് പിന്നിലെ കാരണങ്ങൾ സങ്കീർണ്ണമാണെന്നും വിവേചനം, ഭാഷാ തടസ്സങ്ങൾ തുടങ്ങിയ ഘടനാപരമായ ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, ക്യാൻസർ വിഭാഗത്തിൽ നിന്നുള്ള പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ. ഹന്ന മിച്ചൽ പറഞ്ഞു. വംശീയതയും ഭാഷാപരമായ പ്രശ്നങ്ങളും കുട്ടികളുടെ ആരോഗ്യകരമായ കാര്യങ്ങളുമായി ബന്ധപ്പെടുന്നത് തികച്ചും നിരാശജനകമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്ന റിപ്പോർട്ട് ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. രാജ്യത്തെ കടുത്ത ആരോഗ്യ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങൾ എവിടെയാണ് താമസിക്കുന്നത് അല്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിന്റെ നിറം നോക്കി ഒരിക്കലും ജീവിതസാധ്യത നിർണ്ണയിക്കരുത് എന്നും ആണ് ഈ വിഷയത്തിൽ ഗവൺമെൻ്റ് വക്താക്കൾ പ്രതികരിച്ചത്.
Leave a Reply