2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മീരാബായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സൈഖോം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണ്ണമാണ് നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു അഭിമാന നേട്ടം കൈവരിച്ത്. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.

172 കിലോ ഉയർത്തിയ മൗറീഷ്യസിന്റെ മേരി ഹനിത്ര റോളിയ റനൈവോസോവ വെള്ളിയും 171 കിലോ ഉയർത്തിയ കാനഡയുടെ ഹന്ന കമിൻസ്‌കി വെങ്കലവും സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഇതേയിനത്തിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 113 കിലോയും ഉയർത്തിയാണ് ചാനു സ്വർണ്ണം ഉറപ്പിച്ചത്. കോമൺവെൽത്ത് റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

സ്നാച്ചിലെ ആദ്യ ശ്രമത്തിൽ ചാനു 84 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ താരം ഇത് 88 കിലോ ആക്കി ഉയർത്തി. ഇതോടെ ചാനു മത്സരത്തിൽ എതിരാളികളേക്കാൾ വ്യക്തമായ ആധിപത്യം നേടി. മൂന്നാം ശ്രമത്തിൽ ചാനു ഉയർത്താൻ ശ്രമിച്ചത് 90 കിലോയാണ്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ സ്നാച്ചിൽ താരത്തിന്റെ മികച്ച പ്രകടനം 88 കിലോയായി. സ്നാച്ചിൽ 12 കിലോയുടെ ലീഡാണ് ചാനു നേടിയത്.

ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യം തന്നെ 109 കിലോയ ഉയർത്തി ചാനു സ്വർണമെഡൽ ഉറപ്പിച്ചു. രണ്ടാം ശ്രമം 113 കിലോയിലേക്കാണ് ചാനു ഉയർത്തിയത്. ഇതും അനായാസമുയർത്തി ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു. മൂന്നാം ശ്രമത്തിൽ 115 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ചാനു സ്വർണം നേടി. മീരാബായ് ചാനുവിനെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.