കൊച്ചി ∙ പലസ്തീനിൽനിന്ന് വീണ്ടും വെടിയൊച്ച ഉയരുമ്പോൾ നെഞ്ചിൽ തീയുമായി കഴിയുന്ന കുറേ കുടുംബങ്ങളുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന്, ദൈവത്തിന്റെ സ്വന്തം ജനം എന്നറിയപ്പെടുന്ന ഇസ്രയേലിലേക്ക് തൊഴിൽ തേടി പോയിട്ടുള്ള യുവതികളുടെ ബന്ധുക്കൾ. ഇവരിൽ പലരും ഭർത്താവിനെയും കുഞ്ഞുങ്ങളെയും നാട്ടിൽവിട്ട്, മികച്ച വേതനം പ്രതീക്ഷിച്ചാണു പോയിരിക്കുന്നത്. ജോലിക്കായി എത്തുന്നവർക്കു കുടുംബത്തെ ഒപ്പം കൂട്ടാൻ അനുമതിയില്ലാത്തതിനാലാണിത്.

കേരളത്തിൽനിന്ന് ഇസ്രയേലിലേക്കു തൊഴിൽ തേടി പോയിട്ടുള്ളവരിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നാണ് എന്നാണ് കണക്കുകൾ. കോഴിക്കോട് സ്വദേശിനി ദീപ ജോലി ചെയ്യുന്ന അഷിദോദിലെ വീട്ടിലാണു മൂന്നു ദിവസമായി നാട്ടുകാരിയും സുഹൃത്തുമായ ലിബിയും താമസിക്കുന്നത്. ഗാസയിൽ ബോംബാക്രമണം രൂക്ഷമായപ്പോൾ, ലിബി താമസിച്ചിരുന്ന അഷ്കെലോണിലെ വീട്ടിൽ സുരക്ഷാ മുറി ഇല്ലാത്തതിനാൽ സുരക്ഷ തേടിയെത്തിയതാണ്. ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരും താൽകാലികമായി ഏതോ ബന്ധുവീട്ടിലേക്കു താമസം മാറ്റിയിട്ടുണ്ട്. ‘പ്രളയ സമയത്തു നമ്മുടെ നാട്ടിൽ പലരും സ്വന്തം വീട്ടിൽ നിന്ന് ഉയർന്ന പ്രദേശത്തുള്ളവരുടെ വീട്ടിൽ താമസിക്കാൻ പോയില്ലേ, അതുപോലെ’ എന്ന് ലിബി.

ഗാസയിൽനിന്നു തൊട്ടടുത്ത പ്രദേശങ്ങളായ അഷ്ദോതിലും അഷ്കെലോണിലുമെല്ലാം ബോംബു വർഷമുണ്ടായിട്ടുണ്ട്. അഷ്കെലോണിൽ കുറേപ്പേർക്കു പരുക്കേറ്റു. തുടർന്നായിരുന്നു ഇസ്രയേലിന്റെ ആക്രമണവും പ്രത്യാക്രമണവുമെല്ലാം. ഗാസയ്ക്ക് അടുത്തുള്ള പ്രദേശങ്ങളാണ് അഷ്ദോദും അഷ്കെലോണും. ഇസ്രയേലിനെ ഈ ചെറിയ ബോംബിട്ടൊന്നും തകർക്കാനാവില്ലെന്ന് അവർക്കറിയാം. ഈ അയൺഡോം മിസൈൽ വേധ സംവിധാനം ഉണ്ടാക്കുന്നതിനു വൻ തുക ചെലവഴിക്കേണ്ടി വരുന്നതിലൂടെ ഇസ്രയേലിനു കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകും. അത് ഉയർത്തി സാമ്പത്തിക നില തകർക്കുകയാണ് പലസ്തീനും ഹമാസും ലക്ഷ്യമിടുന്നതു പോലും.

തിങ്കളാഴ്ച അതിർത്തിയിൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ മുതൽ ഇവിടെ റെഡ് അലർട്ടാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകരുതെന്നു നിർദേശമുണ്ട്. ഹമാസ് ബോംബ് വർഷമുണ്ടായാൽ അലാറം മുഴങ്ങും. എവിടെയായിരുന്നാലും എത്രയും പെട്ടെന്നു സുരക്ഷാ മുറി കണ്ടു പിടിച്ച് കയറി ഒളിച്ചു കൊള്ളണം. ആദ്യമൊക്കെ പുതുമയായിരുന്നു. ഇപ്പോൾ പതിവു സംഗതിയായി മാറിയിട്ടുണ്ട്. എല്ലാ വീട്ടിലും സുരക്ഷാ മുറിയുണ്ടാകണമെന്നില്ല. പുതിയ വീടുകളിലെല്ലാം ഒരു മുറി സുരക്ഷാ മുറിയായാണു പണിയുക. ദീപ താമസിക്കുന്നത് ഒമ്പത് നിലയുള്ള കെട്ടിടത്തിലാണ്. ഇതിനു മുകളിൽ മുതൽ താഴെ വരെ സുരക്ഷാ മുറിയുണ്ട്. ഇത് എവിടെയാണെന്ന് നേരത്തേ അറിഞ്ഞു വയ്ക്കണമെന്നു മാത്രം. ഇരുമ്പു ചുമരുകൊണ്ടുള്ള ഈ മുറിക്ക് അത്യാവശ്യം വായു കടക്കാൻ മാത്രം ഒരു ജനൽ മാത്രമാണ് ഉണ്ടാകുക.

വീടിനു പുറത്തു നിന്നാൽ ബോബുകൾ ആകാശത്തുകൂടി ചീറി വരുന്നതു കാണാം. ഉടൻ തന്നെ ഇസ്രയേൽ സൈന്യത്തിന്റെ അയൺ ഡോം ഇവ തകർക്കുന്നതും കാണാം. ഗാസയിൽനിന്നു വരുന്ന ബോംബുകളിൽ പത്തിൽ ഒമ്പതും ഈ ഡോമുകൾ തകർക്കാറുണ്ട്. ഒരെണ്ണമൊക്കെയാണ് താഴെ വീണു പൊട്ടി അപകടമുണ്ടാകുന്നത്. അതിനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എല്ലാവരും വീടുകളിലെ സുരക്ഷാ മുറിയിൽ അഭയം പ്രാപിക്കുന്നത്. അലാറം മുഴങ്ങുന്നത് ടൗണിലുള്ളപ്പോഴാണെങ്കിൽ അവിടെയും സുരക്ഷാ മുറികളുണ്ട്. ഗാസയിൽ നിന്നോ മറ്റോ റോക്കറ്റ് വിക്ഷേപിച്ചാൽ ഉടൻ ഇസ്രയേലിന്റെ റഡാർ കണ്ണുകളിൽ അതു പെടും. ഉടൻ സൈനിക അലാറം തനിയെ മുഴങ്ങുന്നതാണു സംവിധാനം.

റെഡ് അലർട്ട് ഉള്ള ദിവസങ്ങളിൽ നാട്ടിലെ ഹർത്താൽ പോലെയാണ്. ആരും പുറത്തിറങ്ങില്ല, കടകൾ അടഞ്ഞു കിടക്കും, സ്കൂളുകൾക്കെല്ലാം അവധി. വിഷുക്കാലത്തു പടക്കം പൊട്ടുന്നതു പോലെ ഇടവിട്ടും അല്ലാതെയും ബോംബുകൾ പൊട്ടുന്നതിന്റെ ഒച്ച കേൾക്കാം. വെടിപൊട്ടിയ ശേഷമുള്ള പുകയും അതിന്റെ മണവും കുറെ സമയത്തേക്ക് അവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടാകും. ഇതെല്ലാം തൃശൂർ പൂരത്തെ ഓർമിപ്പിക്കുമെന്നല്ലാതെ ഇപ്പോൾ പേടിയൊന്നും തോന്നാറില്ല. കുഞ്ഞുങ്ങളെ വിട്ടു നിൽക്കുന്നതിന്റെ വിഷമമുണ്ട്. ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസുണ്ട്. വീട്ടുകാരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ദീപ.ഇസ്രയേലിൽ എത്തി ആദ്യ ശമ്പളം വാങ്ങിയതേയുള്ളൂ കണ്ണൂർ സ്വദേശിനി ഷിനി. കഴിഞ്ഞ ദിവസം വെടിപൊട്ടുന്ന ശബ്ദം കേട്ട് ആദ്യം ഭയപ്പെട്ടെങ്കിലും സാധാരണ സംഭവമാണ്, പേടിക്കാനില്ലെന്നു ജോലി ചെയ്യുന്ന വീട്ടുകാർ പറഞ്ഞപ്പോഴാണ് ആശ്വാസമായതത്രേ. െടൽഅവീവ് വിമാനത്താവളത്തിന് അടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. നാട്ടിൽനിന്നു പോന്നതിനു ശേഷം ഞായറാഴ്ച വരെ സ്വന്തം നാടു പോലെ ഇറങ്ങി നടക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും യാതൊരു തടസവുമില്ലായിരുന്നു. ഇപ്പോൾ ഇടയ്ക്കിടെ സൈറൻ മുഴങ്ങുന്നുണ്ട്. ഉടനെ സുരക്ഷാ മുറിയിൽ കയറി കതകടച്ചിരിക്കണം. ‘ഇച്ചിരി പേടിയൊക്കെയുണ്ട്’ എന്നു ഷിനി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിടെ താമസിക്കുന്നവർക്കു സുരക്ഷയിൽ ഒരു ആശങ്കയുമില്ല. ഗാസയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും ഇടയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിച്ചാൽ ഒരു രാജ്യവും ഇസ്രയേലിനെ തൊടില്ലെന്നാണു താമസിക്കുന്ന വീട്ടിലെ 95 വയസ് പിന്നിട്ട അപ്പച്ചന്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയെ ശുശ്രൂഷിക്കുന്നതിനാണ് ഷിനി ഇവിടെ എത്തിയിട്ടുള്ളത്. ഈ വയസ്സിലും യുദ്ധത്തിനു വിളിച്ചാൽ പോകാൻ തയാറാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ഇവിടെ 18 കഴിഞ്ഞാൽ സ്ത്രീകൾ രണ്ടു വർഷവും പുരുഷൻമാർ മൂന്നു വർഷവും രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നാണത്രേ. അതുകൊണ്ടുതന്നെ ഒരു യുദ്ധം വന്നാലും ഇറങ്ങിച്ചെല്ലാൻ എല്ലാ പൗരൻമാരും പരിശീലനം നേടിയവരാണ്.

ജോലി സമയത്ത് അല്ലാത്തപ്പോൾ പുറത്തു പോകുന്നതിനു തടസമില്ല. ഹോം നഴ്സ് ജോലി ചെയ്യുന്ന വീട്ടുകാർ നല്ല ആളുകളാണെങ്കിൽ ജീവിതവും ഹാപ്പിയാണ്. ഹോം നഴ്സാണെങ്കിലും എട്ടു മണിക്കൂർ ജോലിയെന്നു പറഞ്ഞാൽ അതു മാത്രം മതി. കൂടുതൽ സമയം ജോലി ചെയ്താലോ ആഴ്ചയിലെ അവധി ദിവസം ജോലി ചെയ്താലോ കൂടുതൽ വരുമാനം ലഭിക്കും. ഈ വരുമാനം തന്നെ ഇവിടുത്തെ ചെലവുകൾക്കു ധാരാളം. പിന്നെ താമസവും ഭക്ഷണവും സൗജന്യമായതിനാൽ മാസശമ്പളം നാട്ടിലേക്ക് അയയ്ക്കാമെന്നു ഷിനി പറയുന്നു.

കഴിഞ്ഞ ദിവസം സൈന്യത്തിനു നേരെ കല്ലേറു നടത്തിയ പലസ്തീൻ യുവാവ് വെടിയേറ്റു മരിച്ചതോടെയാണ് ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു ചെറുബോംബുകളും റോക്കറ്റുകളും പറന്നു തുടങ്ങിയത്. പലസ്തീന്റെ മുൻ പ്രധാനമന്ത്രി യാസർ അറഫാത്തിന്റെ 15 ാം ചരമവാർഷികാചരണത്തോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിനിടെയാണ് ഇസ്രയേൽ സൈന്യത്തിനു നേരെ കല്ലേറുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കല്ലേറ് രൂക്ഷമായതോടെ സൈന്യം തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് സൈനിക വക്താവിന്റെ വിശദീകരണം.

ബോംബേറിൽ 25 ഇസ്രയേലികൾക്കു പരുക്കേറ്റപ്പോൾ ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ 35 പലസ്തീനികളെങ്കിലും മരിച്ചിട്ടുണ്ട്. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്‍ലാമിക് ജിഹാദ് മുഖ്യ കമാൻഡർ ബഹ അബു അൽ അത്തയെ സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ദമാസ്കസിൽ മറ്റൊരു ആക്രമണത്തിൽ ഇസ്‌ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജോറിയും മകനും മരിച്ചു. ഇസ്രയേൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. ഈജിപ്തിന്റെ ഇടപെടലിനെ തുടർന്ന് ഇവിടെ ഇരു കൂട്ടരും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. ഇസ്‍ലാമിക് ജിഹാദ് നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയ്ക്കു നേരെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളെ തുർക്കി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു.