ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കോ റോങ് : അമേലിയ ബാംബ്രിഡ്ജ് എവിടെ? ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിനെ (21) കാണാതായിട്ട് ഒരാഴ്ച ആവുന്നു. ബ്രിട്ടീഷ് യുവതിയുടെ തിരോധാനത്തിൽ ആറ് പേരെ കമ്പോഡിയൻ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ആറ് പേർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് കോ റോങ് ഗവർണർ നാമ ബന്തോൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോ റോംങ് ദ്വീപിലെ ബീച്ച് പാർട്ടിയിലാണ് അവളെ അവസാനമായി എല്ലാവരും കണ്ടത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പിതാവും ഭയപ്പെടുന്നു. ഇരുന്നൂറോളം സൈനികരും പോലീസും അമേലിയക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്നും സെപ്റ്റംബർ 27നാണ് അവൾ യാത്ര തിരിച്ചത്. ആദ്യം പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു.
കോ റോങിലെ നെസ്റ്റ് ബീച്ച് ക്ലബ് ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. കാണാതായ ആ രാത്രിയിൽ ഹോസ്റ്റലിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് പോയിരുന്നു. ഹോസ്റ്റലിലേക്ക് മടങ്ങി വരാത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ അവളെ കാണാതായതായി പരാതിപ്പെട്ടത്. അമേലിയയുടെ പേഴ്സ്, ക്രെഡിറ്റ് കാർഡുകൾ, ഫോൺ എന്നിവ അടങ്ങിയ ബാഗ് ബീച്ചിൽ നിന്നും അവളുടെ പാസ്‌പോർട്ട് ഹോസ്റ്റലിൽ നിന്നും പോലീസ് കണ്ടെടുത്തു. വിദേശ വിനോദ സഞ്ചാരികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് പുരുഷന്മാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പാശ്ചാത്യ സന്ദർശകരിൽ നിന്ന് പോലീസിന് ഒരു കത്ത് ലഭിച്ചതായി ഗവർണർ പറഞ്ഞു.
അവളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മേജർ ജനറൽ ചുവോൺ നരിൻ അറിയിച്ചു. അടുത്തുള്ള ദ്വീപുകളിലേക്കും തായ്‌ലൻഡ് ഉൾക്കടലിൽ കൂടുതൽ തീരങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അമേലിയ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാദേശിക ഗവർണർ പറയുന്നത്. അമേലിയയുടെ തിരിച്ചുവരവിനായി ബ്രിട്ടൻ പ്രാർത്ഥിക്കുകയാണ്. നിറകണ്ണുകളോടെ…
Leave a Reply