ലണ്ടന്‍: യു.കെയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ജി.സി.എസ്.ഇ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പതിവിലും വിപരീതമായി ഇത്തവണ ഗ്രേഡ് സിസ്റ്റം ഉണ്ടായിരുന്നില്ല. എ*-ജി ഗ്രേഡുകള്‍ക്ക് പകരമായി ന്യൂമെറിക്കല്‍ നമ്പറുകളാണ് മാര്‍ക്കുകളായി ലഭിച്ചത്. പരീക്ഷാ മാനദണ്ഡങ്ങളില്‍ വിദ്യഭ്യാസ വകുപ്പ് വരുത്തിയ സമഗ്രമായ മാറ്റം വിജയ ശതമാനത്തിലും ഉന്നത മാര്‍ക്ക് സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.


പഴയ രീതി പ്രകാരം എ* ന് തുല്ല്യമായ മാര്‍ക്കാണ് 9,8,7 എന്നിവ, 6,5,4 എന്നിവ സി അല്ലെങ്കില്‍ ബി എന്നീ ഗ്രേഡുകള്‍ക്ക് തുല്യമാവും. 3,2,1 എന്നീ ഗ്രേഡുകള്‍ ഡി, ഇ, എഫ് ഗ്രേഡുകളുടെ കൂട്ടത്തിലാവും ഉള്‍പ്പെടുക. പുതിയ ജി.സി.എസ്.ഇ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം 9 കിട്ടിയ വിദ്യാര്‍ത്ഥികളാവും ഏറ്റവും ഉന്നതമായ വിജയം നേടിയവരായി കാണുക. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെ ഏറെ പിന്നിലാക്കി പെണ്‍കുട്ടികള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. എ* ന് തുല്യമായ 9 പോയിന്റുകള്‍ കരസ്ഥമാക്കിയവരില്‍ മൂന്നില്‍ രണ്ട് ശതമാനവും പെണ്‍കുട്ടികളാണ്.

വെറും 2.6 ശതമാനം പേര്‍ക്കാണ് ഇത്തവണ ഇംഗ്ലീഷില്‍ 9 പോയിന്റെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 4 ശതമാനം കുട്ടികള്‍ എ* നേടിയിരുന്നു. ഗണിതശാസ്ത്രത്തില്‍ കഴിഞ്ഞ തവണ 7 ശതമാനം എ* നേടിയപ്പോള്‍ ഇത്തവണ 3.5 ശതമാനത്തിലേക്ക് ചുരുങ്ങി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിസ്റ്റോള്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി തന്റെ വിജയം പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നുവെന്ന് പ്രതികരിച്ചു.

ഇത്തവണ പരീക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുകെയിലെ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ആണ്‍കുട്ടികളാണ് കൂടുതല്‍ വിജയ ശതമാനം നേടുകയെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം അട്ടിമറിച്ചാണ് ഫലം പുറത്തുവന്നിരിക്കുന്നത്.