പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി. സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.

പൊലീസിന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് നേട്ടമായി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.