കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്. ലിസയുടെ ബന്ധുക്കളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കൂടുതൽ വിവര ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജർമ്മൻ കോൺസുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. അലി മുഹമ്മദിൽ നിന്ന് കാര്യങ്ങൾ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്‍റപോളിന് കൈമാറിയിരുന്നു. ഇന്‍റപോളിൽ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.
മാർച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാൽ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ലിസയെ കുറിച്ച് ഒരു തുമ്പും ഇതുവരെയും കിട്ടിയിട്ടില്ല. വർക്കലയിലെ ഒരു ഹോട്ടലിൽ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ കേരളത്തിൽ ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. ഇസ്ലാംമതം സ്വീകരിച്ച ശേഷം ലിസ ജർമ്മനിയിൽ നിന്നും സ്വീഡനിലേക്ക് താമസം മാറിയിരുന്നു. യുകെ പൗരനായ അലിമുഹമ്മദും സ്വീഡനിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിനെയും ശംഖുമുംഖം എഎസ്പി ഇളങ്കോയെയും സ്വീഡനിലേക്ക് അയക്കാൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. ലിസ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി മടങ്ങിയതായി രേഖകളില്ല. ആത്മീയ, മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Leave a Reply