ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസർകോട് നീലേശ്വരം സ്വദേശി രാഹുലിനെ(26)യാണ് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ടെത്തിയത്.
അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് രാഹുൽ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്നു ആരോടും പറയാതെ പോയത്. അന്നു മുതൽ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. ഇന്നലെ ഉച്ച മുതൽ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചിലിലായിരുന്നു
ഇന്നലെ ഉച്ചയ്ക്കാണ് തൊട്ടടുത്തെ സ്വദേശി വീട്ടിൽ ഡ്രൈവറായ പാലക്കാട് ചെർപുളശ്ശേരി സ്വദേശി ഉമർ ഫാറൂഖ് രാഹുലിനെ പാർക്കിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി തണുപ്പു സഹിച്ച് പാർക്കിൽ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുൽ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉമർ രാഹുലിന് ഭക്ഷണം നൽകുകയും പൊലീസിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത് വിവരണം സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ, പൊലീസ് എത്തും മുൻപേ യുവാവ് സ്ഥലം വിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ രാഹുൽ പാർക്കിൽ നിന്നു അപ്രത്യക്ഷനായി. തുടർന്ന് ഉമർ, സാമൂഹിക പ്രവർത്തകനായ സിജു പന്തളം, പാർക്കിന്റെ സുരക്ഷാ ജീവനക്കാരൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ ബർഷ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാൻ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.
Leave a Reply