നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.
വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍ വില്‍സണും സഹോദരനും ഇവിടെയെത്തിയത്. ഇരുവരെയും ഒരുസംഘം കംബോഡിയന്‍ സൈനികരെയും എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു. വനത്തിനുള്ളില്‍ കടന്നെങ്കിലും, സായുധരായ മാഫിയകള്‍ പ്രദേശം കൈയടക്കിയിരിക്കുന്നതിനാല്‍, ഇവര്‍ക്ക് തിരികെപ്പോരേണ്ടിവന്നു.
വില്‍സണ്‍ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റര്‍ അകലെയാണ് ഡാനിയല്‍ ബോയര്‍ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നാണിത്. താന്‍ കണ്ടെത്തിയ വസ്തുക്കള്‍ക്ക് വിമാനാവശിഷ്ടങ്ങളോട് സാമ്യം മാത്രമല്ല, ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളുമായി അളവിലും സാമ്യമുണ്ടെന്ന് ഡാനിയല്‍ ബോയര്‍ പറഞ്ഞു. തന്റെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയാണെന്നാണ് ബോയറിന്റെ അവകാശവാദം.
2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തി വിമാനത്തെ മറ്റൊരു ദിശയിലേക്ക് പറത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നിലവിലുള്ള സങ്കല്‍പം. വിമാനം കാണാതായതു സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അന്നുമുതല്‍ പരക്കുന്നുണ്ട്.
റഷ്യയാണ് വിമാനം തട്ടിയെടുത്തതെന്നും കസാഖിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തെന്നുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തിയ വിമാന റാഞ്ചികള്‍, വിമാനം മറ്റൊരു ദിശയിലേക്ക് പറന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമിലെത്തിച്ചുവെന്നാണ് വാദം. കസാഖിസ്ഥാനില്‍ നിന്ന് പാട്ടത്തിനെടുത്ത കോസ്മോഡ്രോം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ പറയുന്നതുപോലെ വിമാനം കംബോഡിയയിലെ കാടുകളില്‍ ഉണ്ടെങ്കില്‍ത്തന്നെ കംബോഡിയന്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ തിരച്ചില്‍ അസാധ്യമാണ് താനും.
Leave a Reply