ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ വാട്ടർഫോർഡിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതി സാന്റാ മേരി തമ്പി (20)യെ കണ്ടെത്തി. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന സാന്റയെ കണ്ടെത്തിയത് വാട്ടർഫോർഡ് കമ്മ്യൂണിറ്റിയും പോലീസും ചേർന്ന തിരച്ചിലിനിടെയായിരുന്നു. യുവതിയുടെ വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയിൽ കിടക്കുന്നുണ്ടെന്ന പോളിഷ് സ്വദേശിയുടെ വിവരം അന്വേഷണത്തിന് വഴികാട്ടിയാകുകയായിരുന്നു.
ശരീരത്തിൽ ചെറിയ പരുക്കുകളുള്ള സാന്റയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാനിറങ്ങിയെങ്കിലും പതിവ് സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ കുടുംബം തിരച്ചിലാരംഭിച്ചിരുന്നു. വീട്ടിലെ ചെരുപ്പ് സ്റ്റാൻഡിൽ നിന്നും യുവതിയുടെ ഫോൺ കണ്ടെത്തിയതോടെ ആശങ്ക കൂടുകയും കുടുംബം വിവരം സുഹൃത്തുക്കളെയും പോലീസിനെയും അറിയിക്കുകയും ആയിരുന്നു.
മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാർത്തയാക്കിയതോടെ നിരവധി മലയാളികളും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്ക്യൂ 117 ടീം വരെ ആകാശ നിരീക്ഷണം നടത്തിയെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. ഇതേ സമയത്താണ് പോളിഷ് വംശജൻ നൽകിയ നിർണ്ണായക വിവരം യുവതിയെ കണ്ടെത്താൻ സഹായകമായത്.
സാന്റാ മേരി തമ്പി ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വാട്ടർഫോർഡിൽ ആറു വയസ്സുകാരി മലയാളി പെൺകുട്ടി ആക്രമത്തിന് ഇരയായത് ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നോളം ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങൾക്കെതിരെ ഡബ്ലിനിൽ വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു . ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നിയമസംവിധാനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Leave a Reply