എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.

ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്.  ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.

ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം  വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.  ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ്  അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..

Also read.. കുട്ടനാട്ടിലെ ഒരു ചെറുഗ്രാമത്തെ ദുഃഖത്തിലാക്കി ഫാദർ മാർട്ടിന്റെ വിയോഗം; വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും, മരണത്തിലെ ദുരൂഹത പുറത്തു വരുമെന്ന പ്രതീക്ഷയിൽ