ബിജോ തോമസ് അടവിച്ചിറ 

യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ മാർട്ടിൻ അച്ഛന്റെ വിയോഗം, പത്രങ്ങളിൽ വായിച്ചു. അപരിചിതമായ ആ ദുരന്തം ചെറിയ ഒരു കുട്ടനാടൻ ഗ്രാമത്തിന്റെ നെഞ്ചുപിളർത്തിയതിന്റെ വേദനയിൽ ആണ് ഗ്രാമവാസികളും അച്ഛന്റെ സുഹൃത്തുക്കളും.

വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാര്‍ത്തകള്‍ വന്നത്.  2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍, ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലായില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നും ഇല്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീണ്ട ഇരുപതു വർഷത്തിന് മുകളിൽ അടുത്ത സൗഹൃദം അച്ഛനുമായും അവരുടെ കുടുംബവുമായി ഉണ്ടായിരുന്ന ഒരു സഹപാഠി എന്ന നിലയിൽ എന്റെ ഉള്ളിലെ തീരാനഷ്ടവും വേദനയും പങ്കുവച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഫാദർ മാർട്ടിൻ സൺ‌ഡേ മതബോധന ക്‌ളാസ്സിൽ എന്റെ സഹപാഠി ആയിരുന്നു. ആ കാലങ്ങളിൽ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിച്ചിരുന്ന മാർട്ടിൻ ഏവരുടെയും സൗഹൃദപാത്രം ആയിരുന്നു. സ്കൂൾ കാലം മുതലേ പ്രാര്‍ത്ഥന കാര്യങ്ങളിലും പള്ളിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മാർട്ടിൻ സ്കൂൾ പഠന കാലശേഷം സെമിനാരിയിൽ പോയത് കൂട്ടുകാർക്ക് അത്ഭുതമായി തോന്നിയില്ല. സഹചാരിയെ അകാലത്തിൽ നഷ്ടപെട്ട വേദനയിൽ ആണ് പുളിങ്കുന്ന് സെന്റ്‌ : ജോസഫ് സ്കൂളും അവിടുത്തെ സിഎംഐ സന്യാസസമൂഹവും. സിഎംഐ സഭയുടെ കീഴിൽ തന്നെയുള്ള കെ ഇ കാർമൽ സ്കൂളിൽ അച്ഛന്റെ വിലമതിക്കുന്ന സേവനം അവിടുത്തെ കോ സ്റ്റാഫ് അംഗങ്ങൾ സ്നേഹപൂര്‍വ്വം ഓർക്കുന്നു. ദുരന്ത വാർത്ത മലയാളംയുകെ പത്രത്തിലൂടെയും രാവിലെ പള്ളിയിലൂടെയും അറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും വീട്ടിലേക്കു പ്രവഹിക്കുകയാണ്. ‘അമ്മ കുറച്ചു നാൾ  മുൻപേ നഷ്ടപെട്ട മാർട്ടിൻ അച്ഛന്റെ പിതാവ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മേലാത്ത അവസ്ഥയിലാണ്. സഹോദരി സഹോദരമാരായി എട്ടുപേർ ഉള്ള  കുടുബത്തിലെ ഏറ്റവും ഇളയ പുത്രൻ ആയിരുന്നു മാർട്ടിൻ അച്ചന്‍. ദുരന്ത വാർത്ത അറിഞ്ഞു വീട്ടിലെത്തുന്ന നാട്ടുകാർ വീട്ടുകാരെ ആശ്വസിപ്പിക്കുന്നതോടൊപ്പം, കൂടെ സഹോദരനായും മകനായും കുട്ടുകാരനായും കണ്ടുകൊണ്ടിരുന്ന തങ്ങളുടെ മാർട്ടിന് എങ്ങനെ ഒരു അപകടം പിണഞ്ഞു എന്നോർത്ത് വിലപിക്കുന്നു.

സത്യം ഉടൻ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് ഈ ദുഃഖത്തിലും നാട്ടുകാരും സുഹൃത്തുക്കളും. പ്രിയ സുഹൃത്തും സഹപാഠിയുമായ മാർട്ടിൻ അച്ഛന്റെ അകാല വിയോഗത്തിൽ ലേഖകൻ എന്നതിലുപരി ഒരു കൂട്ടുകാരനെ നഷ്ടപെട്ട സഹപാഠിയായി നിങ്ങളോടൊപ്പം ഹൃദയത്തിൽ നിന്നുള്ള അഗാധദുഃഖത്തിൽ പങ്കുചേരുന്നു  . വീട്ടുകാരോടൊപ്പം  അച്ഛന്റെ ആത്മാവിന്റെ  നിത്യശാന്തിക്കായുള്ള പ്രാത്ഥനയിൽ   പങ്കു ചേരുന്നു. ഒപ്പം യുകെ മലയാളികളുടെ കൂടെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷനും പ്രമുഖ ഓൺലൈൻ ന്യൂസ് പത്രവുമായ മലയാളം യുകെയുടെ പ്രതിനിധികളുടെയും അഗാധ ദുഃഖം കുടുബാംഗങ്ങളെ അറിയിക്കുന്നു.