മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നജീബ് മൂടാടി പങ്കുവച്ച ഫെയ്‌സ്ബുക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നജീബ് മൂടാടി എഴുതിയ കുറിപ്പ്;
അവള്‍ എങ്ങോട്ടാണ് മാഞ്ഞുപോയത്!
ഈ പെണ്‍കുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടില്‍/കുടുംബത്തില്‍/ അയല്പക്കങ്ങളില്‍ ഈ പ്രായത്തിലുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരിലൊരാള്‍ ഒരുദിവസം അല്പനേരമെങ്കിലും വീട്ടിലെത്താന്‍ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.
പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും, പലവഴിക്ക് തിരഞ്ഞിറങ്ങിയും, പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചും… ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണ്‌നട്ട്….. ഓരോ വിളിക്കും കാതോര്‍ത്ത്, താങ്ങാനാവാത്ത വര്‍ത്തയൊന്നും കേള്‍ക്കല്ലേ എന്ന് കരളുരുകി പ്രാര്‍ത്ഥിച്ച്……
എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണു പോകുക. ഒരു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയില്‍ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ
ജസ്‌ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്‍
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോള്‍ അറുപത് ദിവസങ്ങള്‍ ആവുന്നു!
ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ ATM കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്. എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല.
ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെണ്‍കുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാന്‍ കഴിയുക. സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങള്‍ മെസേജ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാര്‍ത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാന്‍ കഴിഞ്ഞാലോ?
ഈ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കില്‍ എന്തെങ്കിലും വിവരം തരാന്‍ കഴിയുന്ന ആരുടെയെങ്കിലും മുന്നില്‍ ഈ വാര്‍ത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്ക് പരമാവധി ശ്രമിക്കാം. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനോ വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുള്ളവര്‍ അവരുടെ ശ്രദ്ധയില്‍ പെടുത്താനും ശ്രമിക്കുക.
ഒരുപാട് നന്മകള്‍ക്ക് കാരണമാകുന്ന സോഷ്യല്‍ മീഡിയക്ക് ജസ്‌നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാര്‍ത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളില്‍ എത്താന്‍ താങ്കളിലൂടെ സാധ്യമാവട്ടെ. വീട്ടില്‍ നിന്ന് സന്തോഷപൂര്‍വ്വം പുറത്തേക്ക് പോയ ഒരു പെണ്‍കുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടില്‍ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങള്‍ക്ക് നാം കൂട്ടാവുക.
____
എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരോ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനോ ജസ്‌നയുടെ കസിന്‍ റോജിസ് ജെറിയുടെ 9995780027 എന്ന നമ്പറില്‍ ബന്ധപ്പെടാം. (വിശദവിവരങ്ങള്‍ ആദ്യ കമന്റിലെ വാര്‍ത്തയില്‍ ഉണ്ട്)
Leave a Reply