മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ രൂപശ്രീയ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലും സൂചനയുണ്ടായിരുന്നു.
ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
Leave a Reply