നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരണത്തിന് കീഴടങ്ങി. ബിഗ്‌ബോസ് ഹൗസില്‍ ആയിരിക്കവെയാണ് ഭാഗ്യലക്ഷ്മി മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിയുന്നത്. ഇത് അറിഞ്ഞത് മുതല്‍ പൊട്ടിക്കരയുകയായിരുന്നു അവര്‍. എന്നാല്‍ ഭാഗ്യലക്ഷ്മിയും രമേഷ് കുമാറും തമ്മില്‍ കടുത്ത ശത്രുതയില്‍ ആയിരുന്നു. ഭര്‍ത്താവിന്റെ അനുജനെ തല്ലിയ കാര്യം ഭാഗ്യ ലക്ഷ്മി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മോശമായി പെരുമാറിയതിന് ആയിരുന്നു ഇതെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രമേഷ് കുമാറിന്റെ അവസാന നാളുകള്‍ ആയപ്പോഴേക്കും ഇരുവരും ഒരു പരിധി വരെ അടുത്തിരുന്നു എന്ന് വേണം കരുതാന്‍. ബിഗ്‌ബോസില്‍ ഭാഗ്യ ലക്ഷ്മി പരഞ്ഞ കാര്യങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. താന്‍ കിഡ്‌നി തരാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അപ്പോഴും ഈഗോ ആയിരുന്നു എന്നുമാണ് ഭാഗ്യ ലക്ഷ്മി വിവരം അറിഞ്ഞ് ബിഗ്‌ബോസില്‍ വെച്ച് പ്രതികരിച്ചത്. മാത്രമല്ല ബിഗ്‌ബോസില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. നേരത്തെ തന്നെ അപമാനിച്ച ഭര്‍ത്താവിന്റെ അനുജനെ തല്ലി ചതച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ തന്നെ വേശ്യയെന്ന് വിളിച്ചപ്പോള്‍ ഭര്‍ത്താവും കുടുംബവും ഒന്നും മിണ്ടിയില്ലെന്നും ക്ഷമകെട്ട് തന്റെ നിയന്ത്രണം നശഷ്ടപ്പെടുകായയിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം കുടുംബം തകര്‍ത്തത് ഭാഗ്യലക്ഷ്മിയുടെ പ്രണയ ചാപല്യമെന്ന് മുന്‍ ഭര്‍ത്താവ് രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും അപമാനിക്കുന്നതാണ്. എന്നാല്‍ ഇത്രകാലവും സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ മൗനം പാലിച്ചത് തന്റെ ദാമ്പത്യം മറ്റുള്ളവരുടെ മുന്നില്‍ അലക്കേണ്ട വിഴുപ്പല്ലെന്ന് ഓര്‍ത്താണ്. എന്നാല്‍ അടുത്തകാലത്തായി ചില ആനുകാലികങ്ങളില്‍ സ്വരഭേദങ്ങളിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നുണ്ടായി. ഇനിയും മൗനംപാലിക്കുന്നത് തന്നെ സ്‌നേഹിക്കുന്നവരോടുള്ള അനീതിയാണെന്നു തോന്നുന്നു.

ഭാഗ്യലക്ഷ്മിയെ ഭാര്യയായി ലഭിച്ചത് ഭാഗ്യമായി കരുതിയിരുന്ന ആളായിരുന്നു ഞാന്‍. 1984ല്‍ ഞാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കാമറാമാനായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കാണുന്നതും പരിചയപ്പെടുന്നതും. അവരുടെ അച്ചടക്കവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ ഞാന്‍ വിവാഹ ആലോചനയുമായി ഒരിക്കലും അവരെ സമീപിച്ചിരുന്നില്ല. ജോലിയില്‍ ഉയരാന്‍ ശ്രമിച്ചിരുന്ന ഞാന്‍ ആ സമയത്ത് വിവാഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല എന്നതാണു വാസ്തവം. ഒരിക്കല്‍ ഭാഗ്യലക്ഷ്മിതന്നെയാണ് വിവാഹക്കാര്യം അവതരിപ്പിക്കുന്നത്. അക്കാലത്ത് അവര്‍ കോടമ്പാക്കത്ത് ചെറിയമ്മക്കൊപ്പമായിരുന്നു താമസം. അവിടുത്തെ പീഡനങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു അവര്‍ക്കന്നു വേണ്ടിയിരുന്നത്. പെട്ടെന്ന് വിവാഹത്തെപ്പറ്റി കേട്ട എനിക്ക് ഒന്നും പറയാനായില്ല. ആലോചിക്കണമെന്നും ആറുമാസം കഴിയട്ടേയെന്നും ഞാന്‍ പറഞ്ഞു. കൃത്യം ആറുമാസം കഴിഞ്ഞ് അവര്‍ വിളിച്ചു. അപ്പോഴും വിവാഹക്കാര്യം ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കേണ്ടതുണ്ടായിരുന്നതിനാല്‍ സമ്മതം അറിയിച്ചു. വളരെ ലളിതമായി ജീവിക്കുന്ന ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ അതിനിടയിലെപ്പോഴോ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

ആയിടക്ക് ഔദ്യോഗികാവശ്യത്തിന് മദ്രാസിലെത്തിയ എന്റെ അടുത്തേക്ക് ചെറിയമ്മയുമായി വഴക്കിട്ട് അവര്‍ വീടുവിട്ടിറങ്ങിവന്നു. ഭാഗ്യലക്ഷ്മി പറഞ്ഞ പ്രകാരം അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ കൊണ്ടുചെന്നാക്കി. അവരുടെ ഭര്‍ത്താവ് ഒരു പ്രമുഖ സംവിധായകനായിരുന്നു. തിരിച്ചു ഞാന്‍ തിരുവനന്തപുരത്തെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കരഞ്ഞുവിളിച്ചുകൊണ്ടു ഭാഗ്യലക്ഷ്മിയുടെ ഫോണ്‍. സുഹൃത്തിന്റെ ഭര്‍ത്താവ് മോശമായി പെരുമാറുന്നുവെന്നും ഉടന്‍ താമസം മാറണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ മദ്രാസില്‍ ചെന്ന് മറ്റൊരു സുരക്ഷിത താമസസ്ഥലം കണ്ടെത്തി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നി. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മിയെ തിരുവനന്തപുരത്തുകൊണ്ടുവന്നു. സി.പി.ഐ നേതാവ് സി. ഉണ്ണിരാജയുടെ മകന്റെ വീട്ടില്‍ നിര്‍ത്തി. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. പിറ്റേ ദിവസം, 1985 സെപ്റ്റംബര്‍ 16ന് മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.-രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞെങ്കിലും അദ്ദേഹത്തെ കാണാന്‍ പോകുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മക്കളെ ഇരുവരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവരോട് 16 വരെ അവിടെ തന്നെ തുടരണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി ബിഗ്‌ബോസില്‍ പറഞ്ഞു. മരണ വാര്‍ത്തയറിഞ്ഞ് ബിഗ്‌ബോസ് ഹൗസില്‍ വെച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.സത്യത്തില്‍ ഞങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയത് കൊണ്ട് ഞാന്‍ അവിടെ പോയാല്‍ എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികള്‍ ചെയ്യാനുള്ള കാര്യങ്ങളാണ് അവിടെ ഏറ്റവും പ്രധാനം. ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ എനിക്കറിയാമായിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. മക്കളോട് എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോണ്‍ വഴി സംസാരിക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ബിഗ് ബോസിലേക്ക് വരും മുന്‍പേ രമേശിനെ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അല്‍പ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്.  ഞാന്‍ പറഞ്ഞതാണ് കിഡ്‌നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ കുട്ടികള്‍ അവിടെതന്നെ ഉണ്ട് എന്ന് പറഞ്ഞു. കൂടുതല്‍ ഡീറ്റെയില്‍സ് ഒന്നും അറിയില്ല. ഞാന്‍ ഇല്ലാത്തോണ്ട് അവര്‍ക്ക് എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നില്‍ക്കണം എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം  കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.