ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
മാഞ്ചസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്‍ഡ്: സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം യുകെയില്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ മാഞ്ചസ്റ്ററില്‍ ഇന്നലെ രണ്ടു മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ‘സെന്റ് തോമസ്’ സീറോ മലബാര്‍ മിഷനും ‘സെന്റ് മേരീസ്’ ക്‌നാനായ മിഷനുമാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ തിരി തെളിച്ചു ഔദ്യോഗികമായി ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വൈദികര്‍, വിശ്വാസസമൂഹം തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ മാര്‍ സ്രാമ്പിക്കലിന്റെയും ബെര്‍മിംഗ്ഹാം അതിരൂപത സഹായമെത്രാന്‍ ഡേവിഡ് മാക്ഗൗ, കാനന്‍ ജോണ്‍ ഗില്‍ബെര്‍ട്, വൈദികര്‍, വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘ നിത്യസഹായമാതാ’ (Our Lady of Perpetual help) മിഷനും ഉദ്ഘാടനം ചെയ്തു. മിഷന്‍ ഉദ്ഘാടനത്തിനു ശേഷം രണ്ടിടങ്ങളിലും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വി. കുര്‍ബാനക്ക് നേതൃത്വം നല്‍കി.
മാഞ്ചസ്റ്ററില്‍, റീജിയണല്‍ SMYM (Syro Malabar Youth Movement ) ഉം ഇന്നലെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. രൂപത ഡയറക്ടര്‍ റവ. ഫാ. ബാബു പുത്തന്‍പുരക്കല്‍ രാവിലെ ഒരുക്ക സെമിനാര്‍ നടത്തി. മാഞ്ചസ്റ്ററില്‍ മിഷനുകള്‍ ഇരട്ട പിറന്നിരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവയ്ക്കു ശേഷമായിരുന്നു മിഷനുകളുടെ ഉദ്ഘാടനം. മാഞ്ചസ്റ്ററിലും സ്റ്റോക് ഓണ്‍ ട്രെന്‍ഡിലും റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ പതിനൊന്നു മണിക്ക് അപ്പോസ്‌തോലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷനുകളുടെ ശ്രേണിയില്‍ കവന്‍ട്രി ‘സെന്റ് ഫിലിപ്പ് ദി അപ്പോസല്‍’ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷന്‍ പ്രഖ്യാപിക്കും. അഭി. പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ നോട്ടിംഗ്ഹാമില്‍ ഡെര്‍ബി, നോട്ടിങ്ഹാം മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനേഴ്സ് അറിയിച്ചു.
Leave a Reply