ബർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ എക്കാലത്തെയും മികച്ച മേധാവി ഫെർഡിനാൻഡ് പീഷ് (82) അന്തരിച്ചു. ഹോട്ടലിൽ കുഴഞ്ഞുവീണ പീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉർസുല പീഷ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ബവേറിയയിലെ റോസെൻഹൈമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള പീഷിന് 12 മക്കളുണ്ട്.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കന്പനിയെ ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം ലോകത്തിലെ മുൻനിരയിലേക്ക് എത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്നു പീഷ്. അതുകൊണ്ടുതന്നെയാണ് കാറുകളോടും അവ നിർമിക്കുന്ന ജീവനക്കാരോടുമുള്ള അഭിനിവേശത്തെ മുൻനിർത്തി മിസ്റ്റർ ഫോക്സ്വാഗണ് എന്ന വിശേഷണം കന്പനി അദ്ദേഹത്തിനു നല്കിയത്. 1937 ഏപ്രിൽ 17ന് വിയന്നയിൽ ജനിച്ച പീഷ് 1993 മുതൽ 2002 വരെ ഫോക്സ്വാഗന്റെ ചെയർമാനായിരുന്നു. അതിനുശേഷം 2015 വരെ സൂപ്പർവൈസറി ബോർഡിന്റെ തലവനായി. കന്പനിയുടെ പുകമറയായി ഇപ്പോഴും നിലനിൽക്കുന്ന ഡീസൽഗേറ്റ് അഴിമതി ഉയർന്നപ്പോഴാണ് അദ്ദേഹം കന്പനിയിൽനിന്നു വിരമിച്ചത്.
ബീറ്റിലിന്റെ നിർമാതാവും ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ സ്ഥാപകനുമായ ഫെർഡിനാൻഡ് പോർഷെയുടെ ചെറുമകനാണ് പീഷ്. പോർഷെ കന്പനിയിൽ 1960 കളുടെ തുടക്കത്തിൽ പീഷ് തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് 1972ൽ ഒൗഡിയിലേക്കു മാറി, അഞ്ചു വർഷത്തിനു ശേഷം 1988ൽ അതിന്റെ ചെയർമാനായി. ഇതിനുശേഷമാണ് ഫോക്സ്വാഗൺ ഗ്രൂപ്പ് ഔഡി ഏറ്റെടുക്കുന്നത്. പീഷിന്റെ കാലഘട്ടത്തിൽ കന്പനി കാർ വില്പനയിൽ റിക്കാർഡുകൾ സൃഷ്ടിച്ചിരുന്നു. വോക്സ്വാഗന്റെയും ഒൗഡിയുടെയും പുതിയ ഉത്പന്നങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്.
Leave a Reply