രണ്ടര വര്‍ഷത്തിനിടെ മന്ത്രി എം.എം മണിയുടെ ഒൗദ്യോഗിക വാഹനത്തിന് മാറിയത് 34 ടയറുകള്‍. വനംമന്ത്രിയാണ് ടയര്‍ മാറ്റത്തില്‍ രണ്ടാം സ്ഥാനത്ത്. പത്തൊന്‍പതെണ്ണം. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഒാടിയോയെന്നതാണ് സംശയം.
കെ.എല്‍ 01 CB 8340. എം.എം മണിയുടെ ഒൗദ്യോഗിക വാഹനം. ഈ വാഹനത്തിന് പത്തുതവണയായി മാറ്റിയത് 34 ടയറുകള്‍. അതായത് ഒാരോ മാസം ഒാരോ ടയര്‍വീതം. കണക്കുവച്ച് നോക്കിയാല്‍ രണ്ടുടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 320000 കിലോമീറ്റര്‍ ഒാടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷ മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഒാടിയിട്ടുണ്ടാകുമോയെന്നതാണ്സംശയം.
ഒാടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റെന്താണ് കാരണം. അഞ്ചുതവണയായി 19 ടയറുകള്‍ മാറ്റിയ കെ.രാജുവാണ് ടയര്‍ ഉപയോഗത്തിന്റ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 തവണയും മന്ത്രി ജി.സുധാകരന്റെ ഒൗദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍. മന്ത്രി എ.കെ ബാലന്റ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍. ടയറൊന്നിന് ആറായിരം രൂപ കണക്കാക്കിയാല്‍ പത്തുലക്ഷത്തോളം രൂപ ചെലവാക്കി. രണ്ടായിരത്തി പതിനേഴിലാണ് പത്തുകോടി രൂപ ചെലവിട്ട് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയത്.
‘ഒരു ടയർ കുത്തിപ്പൊട്ടിച്ചു, ഒന്ന് ഞെക്കി പൊട്ടിച്ചു, ഒന്ന് കടിച്ചു പൊട്ടിച്ചു, എടോ ഡ്രൈവറെ, നിങ്ങൾ ആശാനെയും കൂട്ടി ഹിമാലയം ട്രിപ്പ് നടത്താറുണ്ടോ? പിന്നെ എന്തിനാണ് ഹേ രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റിയത്.. ടയറുകൾ കൂട്ടി വച്ച് കൊട്ടാരം പണിയുന്ന ആശാൻ..’ അങ്ങനെ ട്രോൾ പേജുകളിൽ മന്ത്രി എം.എം മണിയും അദ്ദേഹത്തിന്റെ കാറും ടയറും നിർത്താതെ ഒാടുകയാണ്. ഇതിനൊപ്പം മലയാളികളുടെ വക വലിയൊരു പണി വേറെയും. ടൊയോട്ട കമ്പനിയുടെ പേജിൽ പോയി മലയാളി സംഭവം അവതരിപ്പിച്ചു. ഇത്ര മോശം ടയറുകളാണോ നിങ്ങളുടെ കാറിനെന്ന്. ഇതോടെ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തി.
ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട” , എന്നാണ് മറുപടി.
ടൊയോട്ട ഇന്ത്യയുടെ പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും കമന്‍റുകളുടെ പ്രവാഹമാണ്. ഞങ്ങളുടെ പാവപ്പെട്ട മന്ത്രി ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ മാറ്റിയത് 34 തവണയാണ്. അതുകൊണ്ട് ഈ വണ്ടി വാങ്ങാന്‍ പാവപ്പെട്ട എനിക്ക് പണമില്ല എന്നൊരാള്‍. ഇന്നോവ വാങ്ങാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടയറുകള്‍ മോശമായതിനാല്‍ പ്ലാന്‍ ഉപേക്ഷിച്ചു എന്ന് മറ്റൊരാള്‍. ഇതൊക്കെ ഞങ്ങള്‍ നികുതി അടക്കുന്നവരുടെ പണമാണ് എന്ന സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. ഏതായാലും മണിയാശാന്റെ ടയറുമാറ്റല്‍ ഇന്നോവ പേജിലും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രോള്‍ പേജുകളിലും മണിയാശാന്‍ വീണ്ടും താരമായിരിക്കുകയാണ്.
Leave a Reply