ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കെയർ ഹോം ജീവനക്കാരിൽ നിന്നുള്ള സ്ലേവറി ഹെൽപ്പ്ലൈൻ കോളുകൾ കുത്തനെ ഉയർന്നതായി റിപ്പോർട്ട്. യുകെയിൽ നിരവധി മലയാളികൾ കെയർ ഹോം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 2022-ൽ 700-ലധികം കെയർ ഹോം ജീവനക്കാർ തങ്ങളുടെ ഹെൽപ്പ് ലൈൻ ഉപയോഗിച്ചതായി അൺസീൻ യുകെ പറഞ്ഞു. കഴിഞ്ഞ വർഷം വിസ നിയമങ്ങൾ മാറിയതിനെത്തുടർന്ന് തങ്ങളെ കൊണ്ടുവന്ന ആളുകൾക്ക് വൻതുക നൽകിയതായി പലരും പറഞ്ഞു. മലയാളികളും കടുത്ത ചൂഷണത്തിന് ഇരയാകുന്നുണ്ട്.

2021-ൽ, കെയർ മേഖലയിലെ 15 സ്ലേവറി കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. 2022 ആയപ്പോഴേക്കും 106 കേസുകൾ ഉണ്ടായി. 2023-ൽ കണക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2022-ൽ ‘മോഡേൺ സ്ലേവറി’ക്ക് ഇരയായവരിൽ അഞ്ചിൽ ഒരാൾ കെയർ മേഖലയിൽ ജോലി ചെയ്യുന്നു. യുകെയിലേക്കുള്ള യാത്രയ്ക്കും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കുമായി ആളുകളിൽ നിന്ന് ആയിരത്തിലധികം പൗണ്ട് ഈടാക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്‌പോൺസർഷിപ്പിന്റെ ചിലവ് നൂറ് പൗണ്ട് ആണ്. ഏതാനും തൊഴിലുടമകളും ഏജന്റുമാരും തൊഴിലാളികളിൽ നിന്ന് 25,000 പൗണ്ട് വരെ ഈടാക്കുകയും പലിശ ചേർക്കുകയും അവരുടെ വേതനത്തിൽ നിന്ന് പിടിക്കുകയും ചെയ്യുന്നു. ഇതോടെ ജീവനക്കാർക്ക് കടം വീട്ടാൻ പറ്റാതാകും. ഇടവേളയില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നതായി പല കെയർ ജീവനക്കാരും വെളിപ്പെടുത്തി. ഇത് തൊഴിൽ ദുരുപയോഗവും ചൂഷണവും വർദ്ധിക്കുന്നതിലേക്ക് നയിച്ചുവെന്നും നിരവധി തൊഴിലാളികൾക്ക് ഇത് കടുത്ത പ്രതിസന്ധിയാണെന്നും അൺസീനിന്റെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ വാലിസ് പറയുന്നു.