എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളനവേദി. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർഥിയുമായ സി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എന്നിവരുമുണ്ട്.
അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണയോഗം കൂടിയാണിത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടര്‍ന്ന് കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളില്‍ വോട്ടുചോദിച്ചെത്തുന്ന പ്രിയങ്ക നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. നാളെ തൃശൂര്‍ ജില്ലയിലാണ് പര്യടനം.
Leave a Reply