വിവാദമായ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഒലിവർ. എച്ച്ബിഒ ചാനലിൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയിലാണ് മോദിയേയും സിഎഎയേും ഒലിവർ വിമർശിച്ചത് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തെയും അദ്ദേഹം പരിപാടിയില്‍ പരിഹസിക്കുന്നുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എന്ന 18 മിനുട്ട് ദൈർഘ്യമുള്ള പരിപാടി.
മുസ്ലിം വിരുദ്ധമെന്ന് വിമർശിക്കപ്പെടുന്ന സിഎഎ കാരണം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ചയിലെ പ്രധാന സംഭവ വികാസങ്ങളാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റിൽ’ ജോൺ ഒലിവർ അവതരിപ്പിക്കുന്നത്.
‘മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാൻ പോകുകയാണ്. അവർ അത് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്- ഒലിവർ പറയുന്നു. കൂടാതെ സിഎഎയും എൻആർസിയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ച എൻആർസി പ്രകാരം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ദരിദ്രരും നിരക്ഷരരുമായ നിരവധി പേരുടെ കൈവശം രേഖകൾ ഇല്ലെന്നും ഒലിവർ പറയുന്നു.
സ്നേഹത്തിന്റെ അടയാളമായി താജ്മഹലും തുടർന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവർ പരിപാടി അവസാനിപ്പിക്കുന്നത്.
Leave a Reply