ന്യൂഡല്‍ഹി. മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ എംപിമാര്‍ക്കും നേതാക്കള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. സ്വന്തം പേരിലുള്ള മൊബൈല്‍ ആപ്പിലൂടെയാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്നു മോദി ഉപദേശിച്ചത്. മാധ്യമങ്ങള്‍ക്കു ‘മസാലകള്‍’ നല്‍കി നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ക്യാമറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണു പ്രസ്താവനകള്‍ നല്‍കുന്നു. ഇതു പിന്നീടു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനും കഴിയില്ല- മോദി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു. ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി ഗ്രാമ പ്രദേശങ്ങളുടെ വികസനം, കര്‍ഷക ക്ഷേമം തുടങ്ങിയ വിഷയങ്ങളും പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരുമായി പങ്കുവച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടി നേതാക്കള്‍ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണ് പ്രധാനമന്ത്രി തന്നെ നേതാക്കള്‍ക്ക് ഉപദേശം നല്‍കിയത്. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിനകത്ത് ഒന്നോ രണ്ടോ മാനഭംഗങ്ങളുണ്ടായാല്‍ അമിതമായ പ്രചരണം നല്‍കേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി സന്തോഷ് ഗങ്‌വാര്‍ ഞായറാഴ്ച പറഞ്ഞതു വിവാദമായിരുന്നു. ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റര്‍നെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പോലുള്ള സംഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു ബിപ്ലബിന്റെ കണ്ടെത്തല്‍.