എം.ജി.ബിജുകുമാർ
വാഹനങ്ങൾ വരിവരിയായി ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ നോക്കി വഴിയരികിലുള്ള മരച്ചുവട്ടിലെ തട്ടുകടയിൽ നിൽക്കുകയായിരുന്നു ഞാൻ. ബൈപാസിലുള്ള തുളസി അണ്ണന്റെ തട്ടുകടയിലെ നല്ല രുചികരമായ ഇലയപ്പം ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ്. ഒരെണ്ണം വാങ്ങി ആസ്വദിച്ചു കഴിച്ചു കൊണ്ടു നിൽക്കുമ്പോൾ ആരതിയുടെ ഫോൺ കാൾ എത്തി. അത് അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. ഹലോ….
“ഹലോ…ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങാൻ മറക്കല്ലേ.. ” അവളുടെ ഓർമ്മപ്പെടുത്തൽ
“മറക്കില്ല വാങ്ങിക്കൊണ്ടു വരാം”
ഇലയപ്പം ആസ്വദിച്ചു കഴിക്കുമ്പോൾ രസം കൊല്ലിയായി എത്തിയ ഫോൺ ഞാൻ കട്ട് ചെയ്തു.
അവളുടെ സഹപാഠി ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. അടുത്തദിവസം വീട്ടിലേക്ക് വരുന്നു എന്ന് അറിയിച്ചതിന്റെ ഭാഗമായി കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള ഒരു നീണ്ട ലിസ്റ്റ് പറഞ്ഞേൽപ്പിച്ചിരുന്നു. അതിഥികൾക്ക് സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാക്കിക്കൊടുക്കാനാണ് പോലും. ചാറ്റൽ മഴയും ആസ്വദിച്ച് ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ചില ചിന്തകളും ഒപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.
ഇവൾക്ക് എന്താണ് പാചകത്തിനോട് ഇത്ര ഹരം? അതേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെയ്ക്കുന്നതൊക്കെ രുചികരമായതിനാൽ ഞാനവളെ നിരുത്സാഹപ്പെടുത്തിയിട്ടുമില്ല.
” നമുക്കൊരു റസ്റ്റോറന്റ് തുടങ്ങിയാലോ എന്ന് പലതവണ ഞാനവളോട് ചോദിച്ചിട്ടുണ്ട്. മേൽനോട്ടം വഹിച്ചാൽ മതിയെന്നും പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇന്നലെയും അത് ആവർത്തിച്ചിരുന്നു.
സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴും ഞാൻ ആ ചോദ്യം ആവർത്തിച്ചു.
” ഓ പിന്നെ അഞ്ചോ പത്തോ പേർക്ക് വെച്ച് ഉണ്ടാക്കുന്നതുപോലെ ഒത്തിരി പേർക്ക് വെക്കാൻ ഒന്നും എനിക്ക് പറ്റില്ല. അത്രയ്ക്ക് മിനക്കെടാനൊന്നും എനിക്ക് താത്പര്യമില്ല. അതിനു വേറെ ആളിനെ നോക്കിക്കോ”
ഉടനെ തന്നെ അവളുടെ മറുപടിയും വന്നു.
“അതിന് വേണ്ടി ഒന്നുകൂടി വിവാഹം കഴിക്കാൻ പറ്റുമോ ! എങ്കിൽ പാചകം അറിയാവുന്ന ഒരു പെണ്ണിനെ കൂടി ഞാൻ മംഗലം കഴിച്ചേക്കാം.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, അങ്ങനെയെങ്ങാനും സംഭവിച്ചാൽ രണ്ടിനെയും പിടിച്ചു തണ്ടൂരി അടുപ്പിലിട്ട് ഫ്രൈ ചെയ്യും പറഞ്ഞേക്കാം ”
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. അതുകണ്ട് ആരതിയുടെ ദേഷ്യം കൂടിയത് മുഖത്ത് അറിയാൻ കഴിയുമായിരുന്നു. കൂടുതൽ ദേഷ്യം കൂട്ടി അവളുടെ കയ്യിലിരിക്കുന്ന കലം ചളുക്കണ്ട എന്ന് ഓർത്ത് ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.
മഞ്ഞമന്ദാരത്തിന്റെ ചുവട്ടിൽ തണലിലിരിക്കുമ്പോൾ പക്ഷികളുടെ ചിലമ്പലുകൾ മനസ്സിനെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
മുഖം വെറുതെയൊന്ന് തടവിയപ്പോഴാണ് താടിക്ക് മുകളിൽ ചുണ്ടിനു താഴെയായി ഒരു മുഖക്കുരു വിരലിൽ തടഞ്ഞത്. ഫോണെടുത്ത് ഫ്രണ്ട് ക്യാമറയിൽ നോക്കിയപ്പോൾ അത് ചുവന്നു തുടുത്തു നിൽക്കുന്നതായി കണ്ടു. പ്രീഡിഗ്രിപഠനകാലത്ത് മുഖത്ത് കുരു വന്നാൽ അത് മോഹക്കുരു ആണെന്നായിരുന്നു കൂട്ടുകാർ പറയാറുണ്ടായിരുന്നത്. ആരെങ്കിലും നമ്മളെ മോഹിക്കുന്നുണ്ടെങ്കിലേ ഇങ്ങനെ കുരു വരാറുള്ളൂ എന്ന് ക്ലാസിലെ ആൺകുട്ടികളും ചില പെൺകുട്ടികളും തറപ്പിച്ചു പറയുന്നത് കേട്ട് അത് സത്യമാവുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ എന്നെ മോഹിക്കുന്നത് ആരാകും എന്നോർത്ത് പലതവണ തല പുകച്ചിട്ടുണ്ട്.
ഇലകൾ കൊഴിഞ്ഞും പുതുനാമ്പുകൾ കിളിർത്തും കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇന്ന് മുഖത്ത് ഈ മോഹക്കുരു കണ്ടപ്പോഴും വെറുതെ ഒരു ചിന്ത കടന്നുകൂടി.
”ശരിക്കും ഇനിയെങ്ങാനും ആരെങ്കിലും മോഹിക്കുന്നുണ്ടാകുമോ?” ആരതിയോട് ഇക്കാര്യമൊന്നും സൂചിപ്പിക്കാം എന്നുവെച്ചാൽ അവൾ ദേഷ്യപ്പെടുമെന്ന് ഉറപ്പാണ്. ഒന്നോ രണ്ടോ ചില്ലു പാത്രവും പൊട്ടിയേക്കാം. അവൾ അങ്ങനെയാണ്. ഞങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് അവൾക്കിഷ്ടമല്ല.
സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി മുഖത്ത് തടവി വീട്ടിനുള്ളിലേക്ക് തിരിച്ചുകയറുമ്പോൾ ആരതിയുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.
” ആഹാ മോഹക്കുരു ഒക്കെ ഉണ്ടല്ലോ ! ആരാധികമാരിൽ ആരോ മോഹിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ” അവൾ കളിയാക്കിയാണത് പറഞ്ഞത് എങ്കിലും മറുപടിയായി എൻ്റെ സംശയം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശരിക്കും ആരെങ്കിലും മോഹിക്കുമ്പോഴാണ് ഈ മുഖക്കുരു വരുന്നത് എന്ന് പറയുന്നത് ശരിയാണോ?” ഞാനൊന്നു സംശയനിവാരണം നടത്താൻ ശ്രമിച്ചു.
“ഒന്ന് പോ മനുഷ്യ ! ഇതൊക്കെ വെറുതെ പറയുന്നതാ. ശാസ്ത്രമനുസരിച്ച് ഇത് ഹോർമോണിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണെന്ന് വായിച്ചിട്ടില്ലേ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും മോഹക്കുരു എന്ന് പറയുമ്പോൾ….” ഞാൻ വാചകം പൂർത്തിയാക്കാതെ നിർത്തി.
” മോഹവുമായി നടക്കാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും.പിന്നെ എഴുത്തും കാണില്ല, ആരാധകരും കാണില്ല.”
അവൾ ശുണ്ഠിയോടുകൂടി കടുപ്പിച്ചു പറഞ്ഞു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഞാൻ വേഗം കുളിമുറിയിലേക്ക് പോയി.
സന്ധ്യയെ രാവ് വിഴുങ്ങി. ചുമരിൽ നിമിഷസൂചിയുടെ ശബ്ദം ക്രമമായി മുഴങ്ങിക്കൊണ്ടിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരതിയുടെ ഫോൺ നിർത്താതെ മുഴങ്ങുന്നത് കേട്ടത്. അവൾ എഴുന്നേറ്റുപോയി ഫോണെടുത്തു സംസാരിക്കുമ്പോഴും എനിക്ക് ആഹാരത്തിൽ തന്നെയായിരുന്നു ശ്രദ്ധ. അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും ആഹാരം കഴിക്കാനായി വന്നിരുന്നു.
“അത് ശാലു ആയിരുന്നു. അവൾ നാളെ വരില്ല. മറ്റന്നാൾ മകനെയും കൂട്ടി വരുമെന്ന്. അവൾക്ക് പുഴമീൻ വളരെ ഇഷ്ടമാണ് കിട്ടുമെങ്കിൽ വാങ്ങണമെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ”
ഞാൻ ചോദിക്കാതെ തന്നെ അവൾ അത്രയും പറഞ്ഞു.
ഇപ്പോൾ പുഴമീൻ കുറവാണ് കിട്ടുമെങ്കിൽ വാങ്ങാം.”
മറുപടി പറഞ്ഞുകൊണ്ട് ഞാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.
വെണ്ണിലാചന്ദ്രനെ തഴുകി ഇളംമേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അവ്യക്ത സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയും വിട്ടുണരുമ്പോൾ ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുന്നുണ്ടായിരുന്നു. ജോഗിങ്ങിനൊക്കെ പോയി തിരിച്ചെത്തി പത്രം വായിച്ചിരിക്കുമ്പോൾ സഹധർമ്മിണിയുടെ നിർദ്ദേശം എത്തിയത്.
“അവൾ ആഗ്രഹത്തോടെ പറഞ്ഞതല്ലേ, പുഴ മീൻ കിട്ടുമോന്ന് ഒന്നു നോക്കിയിട്ടുവാ.എന്തായാലും ഇന്നും നാളെയും അവധിയല്ലേ.”
പത്രവും മടക്കിവെച്ച് എഴുന്നേറ്റ് ഡ്രസ്സ് മാറി ബൈക്കിനടുത്തേക്ക് നടന്നു. മൂളിപ്പാട്ടുംപാടി പുഴ മീൻ വിൽക്കാറുള്ള ചന്തയുടെ എതിവശത്തെ മാവിൻ ചുവട്ടിലും ചിത്ര ഹോസ്പിറ്റലിൻ്റെ സമീപത്തും കവലകളിലുമെല്ലാം സഞ്ചരിച്ചുവെങ്കിലും എവിടെയും പുഴമീൻ വിൽക്കുന്നത് കണ്ടില്ല.
എന്തായാലും അടുത്ത ദിവസം നോക്കാമെന്ന് കരുതി തിരിച്ചു പോന്നു.
ഉഷ്ണം നിറച്ച് അലസോരപ്പെടുത്തി നീങ്ങിയ പകലിനെ വിഴുങ്ങിയ രാവ് കനക്കവേ അരികിൽ കിടന്ന സഹധർമ്മിണിക്ക് ഓർമ്മിപ്പിക്കാനുണ്ടായിരുന്നത് പുഴ മീനിനെ കുറിച്ചായിരുന്നു.
” മൂന്നാല് വർഷം കൂടിയാണ് അവൾ നാട്ടിൽ വരുന്നത്. എവിടെനിന്നെങ്കിലും അല്പം പുഴമീൻ നാളെ സംഘടിപ്പിച്ചു കൊണ്ടുവരണേ മനുഷ്യാ.”
എൻ്റെ മുടിയിലും നെറ്റിയിലും തഴുകികൊണ്ട് അവൾ മൊഴിഞ്ഞു.
” ഉം….” ഞാൻ മൂളി.
നേരം പുലർന്നപ്പോൾ പതിവുംപോലെ പ്രഭാത സവാരിക്കു ശേഷം പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് പുഴമീൻ വാങ്ങുന്നതിനെപ്പറ്റി ഓർത്തത്. എല്ലായിടത്തുമെന്ന് കറങ്ങി നോക്കാമെന്ന് കരുതി ബൈക്കിൽ റോഡിലേക്ക് ഇറങ്ങി.
“ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ പെടുന്ന പാടേ.. ” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി വന്നത് എതിരെ നടന്നുവന്ന പെൺകുട്ടി കണ്ടു മുഖംകുനിച്ചു നടന്നു പോയി.
“ശ്ശോ ….! അവളെ കണ്ട് ചിരിച്ചതാണെന്ന് അവൾ കരുതി കാണുമോ ?” അതും സംശയമായി. ഒന്നു രണ്ട് സ്ഥലത്തൊക്കെ പോയി നോക്കിയെങ്കിലും പുഴമീൻ കിട്ടിയില്ല. യാത്ര തുടരവേ ബൈക്കിനെന്തോ പ്രശ്നം പോലെ തോന്നി. വണ്ടി നിർത്തി നോക്കി. ടയർ പഞ്ചർ….!
വണ്ടി മുന്നോട്ടുരുട്ടി തിയേറ്ററിൻ്റെ എതിർവശത്തുള്ള ഉണ്ണിച്ചേട്ടന്റെ പഞ്ചറു കടയിലെത്തി. പുള്ളിക്കാരൻ വന്നിട്ടില്ല. അവിടെ എഴുതി വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു. ഉടനെ എത്താമെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഉണ്ണി ച്ചേട്ടൻ എത്തി. പഞ്ചറൊട്ടിച്ച് കിട്ടിയപ്പോഴേക്കും അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. വീണ്ടും യാത്ര തുടർന്നെങ്കിലും പുഴമീൻ കിട്ടാറുള്ള സ്ഥലങ്ങളിലൊന്നും അത് ലഭ്യമാകാതിരുന്നതിനാൽ അൽപ്പം നിരാശ തോന്നി.
അപ്പോഴാണ് ഐരാണിക്കുഴി പാലത്തിന്റെ ചുവട്ടിൽ വലയിട്ടു മീൻ പിടിക്കുന്ന ജയിംസ് അച്ചായൻ്റ അടുത്തുകൂടി ഒന്നു പോയേക്കാമെന്നു മനസ്സു പറഞ്ഞത്. എതിരെ വരുന്ന വാഹനങ്ങളുടെ സ്പീഡ് കണ്ട് ഇവനൊക്കെ കുറച്ച് പതുക്കെ പോയാൽ പോരെ എന്ന് ചിന്തിച്ച് ജെയിംസ് അച്ചായന്റെ നെറ്റ്വർക്കിംഗ് ബിസിനസ് നടക്കുന്ന പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചു.
” പള്ളത്തി എന്നെ പള്ളു പറഞ്ഞു…
കോലാ എന്നെ കോക്കിറു കുത്തി ….
കൂരി എന്നെ……”
പുഴമീനിനെക്കുറിച്ചുള്ള ഈ പാട്ടും പാടി സഞ്ചാരം തുടർന്നു.
പാലത്തിനടുത്ത് വണ്ടി സ്റ്റാൻഡിൽ വച്ച് പാലത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അച്ചായൻ വലകുടഞ്ഞ് മീൻ പെറുക്കി എടുക്കുന്നത് കണ്ടു.
“അച്ചായാ മീൻ ഉണ്ടോ? കുറച്ചു വേണമായിരുന്നു, അത്യാവശ്യമാണ് ”
ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു.
“നല്ലതു വല്ലതും വേണമെങ്കിൽ നാളെ വാ, ! ഇന്ന് നഷ്ടക്കോളാ, കാര്യമായി ഒന്നും കിട്ടിയില്ല.”
ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കവേ അൽപ്പം പ്രതീക്ഷ നൽകി. അച്ചായന്റെ ശബ്ദമുയർന്നു.
” കുറച്ചു മുള്ളിയുണ്ട് ! അത് വേണോ മീൻ കിട്ടാത്തതിൻ്റെ നിരാശ നിറയുന്ന ഭാവത്തിൽ ചോദിച്ചു.
മുള്ളിയെങ്കിൽ മുള്ളി, അതും പുഴമീൻ ആണല്ലോ എന്ന് ചിന്തിച്ച് പാലത്തിന്റെ വശത്തുകൂടി താഴേക്കിറങ്ങി.
തൽക്കാലം ഇന്ന് ഇത് കഴിക്കട്ടെ, നാളെ നല്ലതു കിട്ടുമെങ്കിൽ വാങ്ങാം എന്ന് മനസ്സിൽ പറഞ്ഞ് ജയിംസ് അച്ചായന്റെ ഫോൺ നമ്പറും വാങ്ങി.
കഷ്ടിച്ച് ഒരു കിലോ തികച്ചുകാണും.അത് വാങ്ങി പൈസ കൊടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നാളെ രാവിലെ വിളിച്ചു നോക്കാം നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ വാങ്ങാം. ഭാര്യയുടെ ചങ്ങാതിയുടെ യാക്കം മാറട്ട് എന്ന് ചിന്തിച്ച് “പള്ളത്തിയെന്നെ… ” എന്ന പാട്ടും മൂളി വീടെത്തുമ്പോഴേക്കും ശാലുവിന്റെ ഇൻഡിക്ക മുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് മീനുമായി വീട്ടിലേക്ക് നടക്കുമ്പോഴേക്കും ആരതിയും ശാലുവും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.
” പുഴമീൻ കിട്ടിയോ ശാലു ജിജ്ഞാസയോടെ ചോദിച്ചു.
” അല്പം കിട്ടി മീൻ കുറവാണ്. ഇന്ന് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ, നാളെ നമുക്ക് നല്ല മീൻ നോക്കാം ”
ഞാൻ മറുപടി പറഞ്ഞു.
“എന്ത് മീനാ ? ”
ആരതി തിരക്കി.
” മുള്ളി…”
എന്റെ മറുപടി കേട്ടതും “എടീ ദ്രോഹി… ” എന്ന് വിളിച്ചുകൊണ്ട് ശാലു കണ്ണുരുട്ടിക്കൊണ്ട് ആരതിയുടെ കയ്യിൽ നുള്ളി. കാര്യം എന്തെന്നറിയാതെ ഞാൻ വാ പൊളിച്ചു നിന്നു.
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല സത്യം” ആരതി പരിഭവത്തോടെ അവളുടെ കയ്യിൽ പിടിച്ചു.
” ഉം…. ഉം .. ” എന്നു മൂളിക്കൊണ്ട് ശാലു ആരതിയേയും പിടിച്ചുകൊണ്ട് അകത്തേക്ക് പോയി. കാര്യമറിയാതെ ഞാൻ സിറ്റൗട്ടിൽ ഇരിക്കവേ അശരീരി പോലെ ഒരു ശബ്ദം.
“അങ്കിൾ എന്നെ ചങ്ങാടത്തിലൊന്ന് കയറ്റുമോ? ”
ചോദ്യം കേട്ട് ഞാൻ മുറ്റത്തേക്ക് നോക്കി.
“ഞാനാ… അച്ചുവാ..! ഞാനിവിടെ ഉണ്ട്…”
മുറ്റത്ത് നിന്ന് വലിയ പേരമരത്തിൽ കയറിയിരുന്ന് പേരയ്ക്ക തിന്നുന്ന ശാലുവിന്റെ മകന്റെ ചോദ്യമായിരുന്നു ആ അശരീരി. അവനെ കണ്ടപ്പോൾ പെട്ടെന്ന് കപീഷിനെയാണ് ഓർമ്മ വന്നത്. കാരണം അവന്റെ ചെവി അല്പം വലുതായിരുന്നു. ഞാൻ ചങ്ങാടത്തിൽ കയറിയ പടം വല്ലതും ശാലു അവനെ കാണിച്ചിട്ടുണ്ടാകുമെന്ന് തീർച്ചയാക്കി.
” മഴക്കാലത്ത് വാ…അപ്പോഴേ റോഡിൽ വെള്ളവും അതിലിറക്കാൻ ചങ്ങാടവും ഒക്കെ ഉണ്ടാകൂ.”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖത്ത് അല്പം നിരാശ പടർന്നത് ഞാൻ ശ്രദ്ധിച്ചു.
നഗരത്തിരക്കിൽ താമസിക്കുന്ന അവനിൽ ഗ്രാമാന്തരീക്ഷം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.
വിവിധതരം വിഭവങ്ങളുടെ പാചകവും കഥ പറച്ചിലും ഭക്ഷണംകഴിക്കലും എല്ലാം കൂടി ആകെ കോലാഹലമായിരുന്നു പിന്നീട്. സന്ധ്യയ്ക്ക് എല്ലാവരുംകൂടി മാളുവിൽ കയറി ‘ഹൃദയം’ സിനിമയും കണ്ടിറങ്ങുമ്പോൾ മഴ പൊഴിയുന്നുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും അടുത്ത ഷോ കാണാൻ നിൽക്കുന്നവരിൽ ചില പരിചയക്കാരെയൊക്കെ കണ്ടു. അവരോടൊക്കെ കുശലവും പറഞ്ഞു തിരിച്ചുപോരുമ്പോൾ ആരതിയും ശാലുവും വണ്ടിയിലിരുന്നു അവരുടെ പഴയകാല കോളേജ് ജീവിതത്തെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
വീട്ടിലെത്തി അത്താഴമൊക്കെ കഴിഞ്ഞ് കിടക്കയിലെത്തി ചുമ്മാ പുസ്തകത്താളുകൾ മറിച്ചു കൊണ്ടിരിക്കുമ്പോഴും മനസ്സിൽ നിന്ന് ഒരു സംശയം വിട്ടു മാറിയിരുന്നില്ല. മീൻ “മുള്ളി” ആണെന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും ആരതിയെ നുള്ളിയതുമൊക്കെ എന്തുകൊണ്ടാവും??? അതിനു പിന്നിൽ എന്തോ ഉണ്ട്. അതെന്താണെന്നറിയാൻ വല്ലാത്ത കൗതുകം തോന്നി. “ആരതി വരട്ടെ എന്തായാലും അത് അറിഞ്ഞിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തുറന്ന ജനാലയിലൂടെ മുറ്റത്തേക്ക് നോക്കുമ്പോൾ മന്ദാരത്തിന്റെ ചുവട്ടിൽ കസേരയിലിരുന്നു സൊറപറച്ചിലിൽ മുഴുകിയിരിക്കുന്ന ശാലുവിനെയും ആരതിയെയും കാണാമായിരുന്നു.
” എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ എന്താണാവോ ഇവർക്ക്?? ആർക്കറിയാം!’
ടിവിയിൽ ക്രിക്കറ്റ് കളി കാണുന്ന അച്ചുവിനും ഉറക്കം വരുന്നില്ലല്ലോ എന്ന ചിന്തയുമായി ഞാൻ വീണ്ടും പുസ്തകത്താളുകളിലൂടെ കണ്ണോടിച്ചു.അതിനിടയിൽ അല്പം ഒന്നു മയങ്ങിയപ്പോഴാണ് ആരതി മുറിയിലേക്ക് എത്തിയത്. മുഖമുയർത്തി ക്ലോക്കിൽ സമയം നോക്കി 12 : 15
” ആഹാ ഉറങ്ങിയാരുന്നോ?” അവളുടെ ചോദ്യം കേട്ട് ഞാൻ കണ്ണ് തിരുമ്മി.
“ഇതിനുമാത്രം എന്താടീ ഇത്ര ഉറക്കമിളച്ചിരുന്നു പറയാനുള്ളത്…?’
” പിന്നെ, ഞങ്ങൾ പഴയ ഫ്രണ്ട്സ് കൂടിയാൽ അങ്ങനെയാണ്. കഥകൾ പറഞ്ഞാൽ തീരില്ല. സമയം പോകുന്നത് അറിയുകയുമില്ല. രണ്ടുമൂന്നു കൂട്ടുകാരികൾ കൂടിയുണ്ട്.അവരുംകൂടി വന്നിരുന്നുവെങ്കിൽ ഇന്ന് ഉറങ്ങുകയില്ലായിരുന്നു.”
അവൾ തലയിണയും നേരെയിട്ട് എന്റെ അടുത്ത് കിടന്നുകൊണ്ടാണത്രയും പറഞ്ഞത്.
” അത് കാര്യമായി ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സംശയം തീർക്കാനുള്ള ചോദ്യമങ്ങ് ചോദിച്ചു.
“മുള്ളി എന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും നിന്നെ നുള്ളിയതും എന്തിനാണ്??
അതിൻറെ പിന്നിലെ കഥ എന്താണ് ??
” ഓ പിന്നെ! അതൊക്കെ രഹസ്യമാണ്. പറയാൻ പറ്റില്ല. എന്തിനാ അടുത്ത കഥയിൽ ചേർക്കാനാവും” അവൾ ഗമയിൽ പറഞ്ഞു.
” അതിനൊന്നുമല്ല. നീ പറയ്. അറിയാനുള്ള കൗതുകം കൊണ്ടല്ലേ…!”
” ആ കൗതുകം ഒക്കെയങ്ങ് കയ്യിൽ വച്ചാൽ മതി. ഞാൻ പറയില്ല. അവൾ അറിഞ്ഞാൽ മോശമാണ്. ” അവൾ പറയുന്ന ലക്ഷണമില്ല
“ഞാൻ അവളോട് ചോദിക്കുകയോ അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യില്ല. നീ കാര്യം പറയ്.”
“വേണ്ട ! അത് ഞങ്ങൾ സുഹൃത്തുക്കളുടെ ഇടയിലെ രഹസ്യമാണ്. പരസ്യമാക്കുന്നത് മോശമാണ്. ”
അവൾ പറയുന്ന ലക്ഷണമില്ലെന്നറിഞ്ഞപ്പോൾ പരിഭവത്തോടെ അവളുടെ അടുത്തു നിന്നും മാറി തിരിഞ്ഞു കിടന്നു. “ഇനിയും കൂട്ടുകാർ വരുമ്പോൾ അതും ഇതുമൊക്കെ വാങ്ങാൻ എന്നോട് പറഞ്ഞേക്കരുത്. തനിയെ പൊക്കോണം.”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“ഓഹോ! ആയിക്കോട്ടെ ”
അവൾക്കൊരു കൂസലുമില്ല.
എന്നാലും അത് എന്തായിരിക്കും എന്നിലെ സംശയം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ആരതിയുടെ തണുത്ത ചുണ്ട് എൻറെ ചെവിയിൽ തട്ടി. അവളുടെ നിശ്വാസം എൻറെ കണ്ണിൽ പതിഞ്ഞു. “ഞാൻ പറയാം ആരോടും പറയരുത്”
അവളുടെ മൃദുവായ ശബ്ദം. എനിക്ക് സന്തോഷമായി. ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“വേഗം പറയ്, രാവിലെ മുതൽ അറിയാനുള്ള കൗതുകമാണ് ”
ഞാൻ അവളുടെ കയ്യിൽ മൃദുവായി തഴുകിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾ കണ്ണട ഊരിവെച്ചിട്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്. മിക്കപ്പോഴും അവൾ ഉറങ്ങും മുമ്പ് കണ്ണട ഊരിവെക്കാൽ മറക്കാറുണ്ട്. രാത്രിയിൽ സ്വപ്നം കാണുമ്പോൾ മിഴിവോടെ കാണാനാണ് ഉറക്കത്തിലും കണ്ണട വെക്കുന്നത് എന്ന് ഞാൻ പലപ്പോഴും അവളെ കളിയാക്കാറുണ്ട്. കൂർക്കം വലിച്ച് പെട്ടെന്നുതന്നെ ഉറങ്ങുന്ന ഇവളെ ചിലപ്പോൾ ഉറക്കസ്വാമി എന്നാണ് ഞാൻ വിളിക്കാറ്.
ഞാൻ അവളുടെ കണ്ണട ഊരി അടുത്തുള്ള റ്റേബിളിൽ വെച്ച് ആരതിയുടെ കഥ കേൾക്കാൻ കാത് കൂർപ്പിച്ചു.
“കോളേജ് പഠനകാലത്ത് ഞങ്ങൾ അഞ്ചു പേരായിരുന്നു ഉറ്റ ചങ്ങാതിമാർ. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചും വസ്ത്രങ്ങൾ പരസ്പരം കൈമാറി ധരിച്ചും ആസ്വദിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അന്ന് ശാലുവിന് ഒരു പ്രശ്നമുണ്ടായിരുന്നു അതിൽ നിന്നുമാണ് അവൾക്ക് ആ പേര് വീണത്. ”
അവൾ ആ കഥ പറയാൻ തുടങ്ങി
“എന്തായിരുന്നു പ്രശ്നം? എന്താണെന്ന് വ്യക്തമായി പറയ്.”
എനിക്ക് ജിജ്ഞാസയായി.
” പഠനകാലത്ത് അവൾക്ക് ഇടയ്ക്കൊക്കെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നു.” കിടക്ക മുള്ളി” എന്നായിരുന്നു ഞങ്ങൾ അവളെ വിളിച്ചിരുന്നത്. ”
പിന്നെ അത് മുള്ളി എന്നു ചുരുക്കി വിളിച്ചു തുടങ്ങി.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
മൂത്രമൊഴിക്കാൻ തോന്നുമ്പോൾ എഴുന്നേറ്റ് പോയാൽ പോരെ ? എന്തിനാ കിടക്ക വൃത്തികേടാക്കാൻ നിൽക്കുന്നത് !
എനിക്ക് സംശയം.
“അതൊന്നുമല്ല മനുഷ്യാ, ഞായറാഴ്ചകളിൽ അവൾ രാവിലെ പതിനൊന്നുവരെ യാണ് കിടന്നുറങ്ങുന്നത്. അപ്പോൾ മൂത്രശങ്ക വന്നാലും അവൾ അനങ്ങില്ല. ഒത്തിരി ശങ്ക ആകുമ്പോൾ കിടക്കുന്ന കിടപ്പിൽ കിടക്കയിൽ തന്നെ കാര്യം സാധിക്കുമായിരുന്നു. അതായിരുന്നു അവളുടെ പതിവ്.
” ഇപ്പാഴും ആ പതിവുണ്ടോ? ഉണ്ടെങ്കിൽ നാളെ ഞായറാഴ്ചയാണ്. കട്ടിലും മുറിയുമൊക്കെ കഴുകാൻ തയ്യാറായിക്കോളൂ.”
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.
”ഇല്ല. അതൊക്കെ അന്ന് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു. പിന്നീട് അതൊക്കെ മാറി. സെക്കൻ്റ് ഇയർ ആയപ്പോഴേക്കും അലാറം വെച്ച് എഴുന്നേറ്റ് മുള്ളിയിട്ടേ അവൾ കിടക്കുമായിരുന്നുള്ളു. കിടക്കയിൽ മുള്ളുന്ന സ്വഭാവം ക്രമേണ മാറിയെങ്കിലും മുള്ളി എന്ന പേര് ഞങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ല.”
അവൾ ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് കിടന്നു.
മൂത്രമൊഴിക്കാൻ അലാറം വെക്കുക എന്നൊക്കെ കേൾക്കുന്നത് അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.
” അടുത്ത വെക്കേഷന് എല്ലാവരും ഇവിടെ ഒത്തുകൂടാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. വിദേശത്തുള്ളവർക്കും ഗ്രാമവും പുഴയും പുഴമീനും ഒക്കെയാണ് കമ്പം.”
അവളുടെ വാക്കുകളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു.
” ആഹാ ! ഇനിയുമുണ്ടോ പുഴമീൻ മോഹികൾ…! കൊള്ളാമല്ലോ.. !”
ഞാൻ അവളുടെ മൂക്കിൽ നുള്ളി.
“പിന്നെ നിങ്ങൾ മാത്രമേ പുഴമീൻ കൊതിയനായി ഉള്ളൂ എന്നാണോ വിചാരം..? ഒന്ന് പോ മനുഷ്യ..!”
അവൾ എന്റെ ചുമലിൽ ചെറുതായി കടിച്ചു.
” അപ്പോൾ അന്നും പുഴമീൻ വാങ്ങേണ്ടി വരും അല്ലേ?
ഞാനവളുടെ കവിളിൽ ചുണ്ടു ചേർത്തുകൊണ്ട് ചോദിച്ചു.
“അതെ ! എന്താ ?
അവൾ സംശയത്തോടെ ചോദിച്ചു.
“ഒന്നും ഇല്ലേ ! ഒരു കാര്യം കൂടി പറയ്.. ”
” എന്ത് ? ”
“വരാൽ, ആരകൻ, പരൽ, പള്ളത്തി എന്നിങ്ങനെയൊക്കെയുള്ള പേര് ആ വരുന്നവരിൽ ആർക്കെങ്കിലും ഉണ്ടോ..?”
” ഇല്ല.അതെന്താ ?”
അവൾക്ക് കൗതുകം.
” അതൊക്കെ പുഴമീനിന്റെ പേരുകൾ അല്ലേ, അതും വാങ്ങി വന്നാൽ നിൻ്റെ കൂട്ടുകാരികൾക്ക് നിന്നെ സംശയം തോന്നണ്ടായല്ലോ എന്ന് കരുതിയാണ്.”
ഞാൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
” അഹങ്കാരി…. ഇതൊന്നും കഥയിലെങ്ങും എഴുതിച്ചേർത്തേക്കല്ലേ. അവർക്കൊക്കെ ഞാൻ നിങ്ങടെ കഥ അയച്ചു കൊടുക്കാറുള്ളതാണ്.”
അതും പറഞ്ഞുകൊണ്ട് അവൾ എന്നെ ഇറുകെപ്പുണർന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.എൻ്റെ വിരലുകൾ അവളുടെ ദേഹത്ത് ഒഴുകി നടക്കവേ അവൾ പുതപ്പുവലിച്ച് രണ്ടുപേരുടെയും ദേഹത്തേക്കിട്ടു. എൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിയവേ അവളുടെ തണുത്ത വിരലുകൾ താടിയിൽ തഴുകി നീങ്ങുന്നുണ്ടായിരുന്നു. അവൾ ചുവന്നു തുടുത്ത എൻ്റെ മുഖക്കരുവിൽ തടവി. അപ്പോൾ ഞാൻ മനസ്സിലും അവളെൻ്റെ കാതിലും ഒരുപോലെ പറഞ്ഞു – “മോഹക്കുരു ”
എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.
Leave a Reply