സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തെ ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ സൂപ്പര്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ടുകള്‍ വച്ചും അതില്‍ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചത്.

മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൃശൂര്‍ ജില്ലയില്‍ വച്ച കട്ടൗട്ടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മോഹന്‍ലാലിന് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവറും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചിരുന്നു. തൃശൂര്‍ ജില്ലാ കമ്മറ്റി സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടില്‍ രാജാവിന്റെ സ്വന്തം തേരാളി എന്നാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ കട്ടൗട്ടിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്ന് ഇത് ആദ്യമായാണെന്ന് മുന്‍ മോഡല്‍ രശ്മി ആര്‍ നായര്‍ പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആന്റണിയുടെ കട്ടൗട്ടിനെതിരെ രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.