സിദ്ദിഖ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദര്‍. എപ്പോഴും രസകരമായ നല്ല ചിത്രങ്ങള്‍ ഒരുക്കുന്ന സിദ്ധിഖ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് സിനിമയെന്ന ആശയത്തിലേക്ക് വഴിമാറിയത്? നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം തന്നെയാണ് മാറ്റത്തിന് കാരണം.
സിനിമയുടെ വളര്‍ച്ചയനുസരിച്ചാണ് ബജറ്റ് കൂടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വലിയ വലിയ സംഭവങ്ങളാണ്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. മോഹന്‍ലാലും മമ്മൂട്ടിയും വലിയ ക്യാന്‍വാസുള്ളവരാണ്. അവരില്‍ നിന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് വലിയ സിനിമകളാണ്. സിനിമാ മാര്‍ക്കറ്റ് വലുതായിരിക്കുന്നു. മോഹന്‍ലാലിന്റെ ബജറ്റ് വരെ വലുതാണ്. അപ്പോള്‍ അതിനനുസരിച്ച്, പ്രേക്ഷകരുടെ ഉയര്‍ന്ന പ്രതീക്ഷയ്ക്കനുസരിച്ച് സിനിമയെടുക്കണം. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമയില്ല. അവര്‍ തിയേറ്ററില്‍ എത്തിയാലേ സിനിമ വിജയിക്കൂ.
ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ് ചിത്രങ്ങളോടാണ്. പക്ഷേ അവരുടെ ബജറ്റിനോടൊന്നും നമുക്ക് അടുക്കാനാകില്ല. എങ്കിലും നമ്മുടെ ബജറ്റിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടിക്കൂടെ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ ബിസിനസിനെ ബാധിക്കും. വീണ്ടും നമ്മള്‍ ആ ചെറിയ ലോകത്തില്‍ ചുരുങ്ങിപ്പോകും. അതാണ് എന്റെ സിനിമയിലെ മാറ്റം. ഞാന്‍ മാത്രമല്ല മറ്റു പലരും അങ്ങനെയാണ്.
മൂന്നു ഭാഷകളില്‍ ചെയ്ത ബോഡി ഗാര്‍ഡും ബിഗ്ബ്രദറും തമ്മിലുള്ള വ്യത്യാസം
ബോഡി ഗാര്‍ഡ് ഒരു ലൗ സ്റ്റോറിയായിരുന്നു. ഇതങ്ങനെയല്ല. വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ സിനിമയാണ്. പിന്നെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കുമ്പോള്‍ അദ്ദേഹമല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാകണം. അങ്ങനെയാണ് ഈ കഥ എഴുതിയപ്പോള്‍ തന്നെ പറ്റിയത് മോഹന്‍ലാലാണെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ വരാറുണ്ടോ
ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമകള്‍ വരുന്നത്. പുലിമുരുകനും ലൂസിഫറും മറ്റും മലയാള സിനിമയുടെ സാദ്ധ്യത എത്ര വലുതാണെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. അതാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊച്ചു കൊച്ചു സിനിമകള്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. അത്തരം സിനിമകള്‍ വലിയ സ്റ്റാറുകളില്‍ നിന്നും പ്രതീക്ഷിക്കില്ല. ഉദാഹരണത്തിന്, രജനീകാന്തില്‍ നിന്നും ഒരു ഫാമിലി ഡ്രാമ ആരും ആഗ്രഹിക്കില്ല. അത്തരം വളര്‍ച്ച ഓഫ്ബീറ്റ് സിനിമകള്‍ സൃഷ്ടിക്കും. എന്നാല്‍ അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടം കുറയും. അതേസമയം പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഉത്സവമേളം പോലെയാണ്.
മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് കൂടുതലായി പോകാറുണ്ടല്ലോ
പണ്ടുമുതലേ മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്റെ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ ചെയ്തിട്ടുള്ളത്. സബ്ജക്റ്റുകള്‍ അത്തരത്തിലുള്ളതായതാണ് അതിന് കാരണം.അത്തരം സിനിമകള്‍ എവിടെയും കൊണ്ടുപോയി അവതരിപ്പിക്കാനാകും. അങ്ങനെയാകാം എന്റെ സിനിമകള്‍ തുടര്‍ച്ചയായി മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നത്. ബിഗ് ബ്രദറും ഒരു പക്ഷേ മറ്റ് ഭാഷകളിലേക്ക് പോകും. കാരണം മറ്റു ഭാഷകളിലേക്ക് പോകാവുന്ന സബ്ജക്റ്റാണിത്.
ബിഗ് ബ്രദറിലെ നായിക
ഒരു തമിഴ് നടിയെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഡേറ്റിന്റെ പ്രശ്നം വന്നതോടെ അവര്‍ മാറി. അങ്ങനെ മിര്‍ണ മേനോന്‍ നായികയായി. എപ്പോഴും നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റിനനുസരിച്ചേ ചെയ്യാനാകൂ. ഇവിടെ ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ ഡേറ്റുമായി അഡ്ജസ്റ്റ് ചെയ്തേ മറ്റു താരങ്ങളുടെ ഡേറ്റ് വാങ്ങാനാകൂ. അതനുസരിച്ച് മറ്റുള്ളവര്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെയാണ് ബിഗ് ബ്രദറില്‍ പുതിയ നായിക എത്തിയത്.
മോഹന്‍ലാലിനോട് കഥ പറഞ്ഞതെങ്ങനെ
അമ്മയ്ക്കു വേണ്ടി അമ്മ മഴവില്‍ എന്ന ഷോ ചെയ്യുന്ന സമയത്താണ് ഇതിന്റെ ത്രെഡ് പറയുന്നത്. ആ ഷോ സംവിധാനം ചെയ്തത് ഞാനായിരുന്നു. അപ്പോഴാണ് ലാലിനെ ഫ്രീയായി കിട്ടിയത്. രണ്ടു പ്രോജക്റ്റുകള്‍ അന്നേരം ലാല്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ബിഗ് ബ്രദര്‍ ചെയ്യാമെന്ന് സമ്മതിച്ചു. അതിനു ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ടു.
ഹണി റോസിലേക്ക് എത്തിയത് എങ്ങനെ
അതും ഒരു പുതുമുഖത്തെ വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ഹെവി റോളായിരുന്നു അത്. ഒരു പുതുമുഖത്തെ വച്ച് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ഹണി റോസിനെ കാസ്റ്റ് ചെയ്തത്. ഭാഗ്യത്തിന് ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ വരെ മറ്റുള്ളതെല്ലാം കളഞ്ഞ് ബിഗ് ബജറ്റിന് പുറകേ പോകാറുണ്ടല്ലോ
അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ വേറെ ഒരു ഓഫര്‍ വന്നാലും സ്വീകരിക്കില്ല. കാരണം ഞാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരിക്കുകയാണ്. നിരവധി പേരാണ് ആ സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. പല താരങ്ങളും ഇന്ന് അങ്ങനെ കമ്മിറ്റഡല്ല. അത് ആര്‍ട്ടിസ്റ്റായാലും സംവിധായകരായാലും ടെക്നീഷ്യന്‍സായാലും ഒരു പോലെ തന്നെ. ബിഗ് ബജറ്റ് ചിത്രം വരുമ്പോള്‍ മറ്റു പടങ്ങളെല്ലാം വിട്ട് അതിലേക്ക് പോകും. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യില്ല. ബോഡി ഗാര്‍ഡ് മലയാളം കഴിഞ്ഞ സമയത്ത് സല്‍മാന്‍ ഖാന് പെട്ടെന്ന് ഹിന്ദിയില്‍ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയം തമിഴില്‍ കമ്മിറ്റ് ചെയ്തുപോയിരുന്നു. അതുകഴിഞ്ഞ് ഹിന്ദി ചെയ്യാമെന്ന് സല്‍മാനോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങെനെയാണ് തമിഴ് കഴിഞ്ഞ് ഹിന്ദിയിലേക്ക് ബോഡി ഗാര്‍ഡ് ചെയ്തത്.
ബിഗ് ബ്രദറില്‍ ബുദ്ധിമുട്ടായി തോന്നിയത്
ഒരുപാട് ആക്ഷന്‍ സീക്വന്‍സുള്ള ചിത്രമാണിത്. മോഹന്‍ലാലായതുകൊണ്ട് വളരെ ഈസിയായി അതൊക്കെ ചെയ്തു. പിന്നെ ആ പ്രധാന ലൊക്കേഷന്‍ തിരക്കേറിയ ബംഗളൂര്‍ ആയിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബജറ്റ് 28 കോടിയെന്നു പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ 32 കോടിയിലെത്തി. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.
നിര്‍മ്മാണരംഗത്തേക്ക് ഇറങ്ങാന്‍ കാരണം
നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സിനിമ എടുക്കാനാകും. ഈ സിനിമ തന്നെ 90 ദിവസമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ 110 ദിവസമായി. വെളിയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഇതു മതി സിനിമാമേഖല മൊത്തം നടന്നു പറയാന്‍. അവരെ നശിപ്പിക്കുന്നു എന്നൊക്കെ പറയും. മറ്റുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകും. രണ്ടുമൂന്ന് സിനിമകളില്‍ ഈ ആരോപണം കേട്ടതോടെയാണ് സ്വന്തമായി നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത്. ഒരു സിനിമ എടുത്ത് തിയേറ്ററില്‍ കൂടുതല്‍ നാള്‍ ഓടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയില്ല. ദിവസം കൂട്ടി ബജറ്റ് വലുതാക്കിയെന്നേ പറയൂ. ഗോഡ് ഫാദര്‍ എടുക്കുന്ന സമയത്ത് 20 ദിവസമായിരുന്നു ഷൂട്ടിംഗ്. അന്ന് പലരും പറഞ്ഞിരുന്നു ഇത്രയും ദിവസം വേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഇന്നത്തെ സിനിമകള്‍ 90 ദിവസം വരെ എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. ഗോഡ്ഫാദര്‍ 412 ദിവസം ഓടി. അതാരും പറയില്ല. പിന്നെ ബജറ്റ്.
ഈ സിനിമയ്ക്ക് നാലുകോടിയാണ് മാറിയത്. ഈ തുക കൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇതൊക്കെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. എനിക്കുതന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യുകയാണ്. ബോഡി ഗാര്‍ഡിനു ശേഷം രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ എല്ലാവരോടും പറഞ്ഞു, ഇനി സ്വന്തം പ്രൊഡക്ഷനിലേ സിനിമ ചെയ്യൂ എന്ന്.
ബജറ്റ് കൂടിയതില്‍ എതിര്‍പ്പുണ്ടായില്ലേ
സ്വാഭാവികമായും എതിര്‍പ്പുണ്ടാകുമല്ലോ. വൗച്ചറും സ്‌ക്രിപ്റ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നു വരെ പലരും പറഞ്ഞു. ഞാന്‍ അതൊന്നും നോക്കാറില്ല. സംവിധായകന്റെ റോളാണ് എന്റേത്. വൗച്ചറും കാര്യങ്ങളും നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്. പിന്നെ ഈ ചിത്രത്തില്‍ അധികം വന്ന ബാദ്ധ്യത ഏറ്റെടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. വലിയ കമ്പനിയാണ്. ഉടന്‍ അനൗണ്‍സ്മെന്റുണ്ടാകും.
ബിഗ് ബ്രദര്‍ മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ
ഗാഥ എന്ന കുട്ടി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളും കഥാപാത്രങ്ങളും
മോഹന്‍ലാല്‍ സച്ചിദാനന്ദനാണ് . ബിഗ് ബ്രദര്‍ അനൂപ് മേനോന്‍ ഒരു ഡോക്ടറുടെ വേഷമാണ്.
കഥാപാത്രത്തിന്റെ പേര് ഡോ. വിഷ്ണു. പിന്നെ ബോളിവുഡ് താരം സര്‍ജാനോഖാലിദ്, .സത്‌നാ ടൈറ്റസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.
ബിഗ് ബ്രദറില്‍ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന സംഭവം എന്താണ്
മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്. അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിംഗിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റു ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ഉടന്‍ ലാല്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നെ. ക്യാമറയും ഞാനും അല്‍പ്പം മാറി നിന്നാല്‍ പോരേ എന്നൊക്കെ ചോദിക്കും. അത്രയ്ക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടന്നാലും ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നതെന്ന്. ഈ ചിത്രത്തിനിടയിലാണ് ഞാനത് കണ്ടെത്തിയത്
റിലീസിംഗ് തീയതി മാറ്റിയോ
ക്രിസ്മസ് റിലീസെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് കുറച്ചു കൂടി തീരാനുണ്ട്. ജനുവരി 16ന് റിലീസ് ചെയ്യും. മൂന്നു പാട്ടുകളാണ് ഉള്ളത്. രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫൈറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്ന് നിര്‍വഹിച്ചിക്കുന്നു. കോറിയോഗ്രഫി ദിനേശും ബൃന്ദയുമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗൗരി ശങ്കറാണ് എഡിറ്റര്‍. മൂന്ന് ബാനറിലാണ് സിനിമ ചെയ്തിട്ടുള്ളത്. എസ് ടാക്കീസ്, ശ്യാമ ഇന്റര്‍നാഷണല്‍, മറ്റൊന്ന് ഒരു കോര്‍പ്പറേറ്റ് കമ്പനി.
Leave a Reply