മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പത്തില്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ഫാന്‍സി നമ്പരുകളുടെ ലേലം. കേരളത്തിലെമ്പാടുമുള്ള ആര്‍ടി ഓഫീസുകളില്‍ ഇത്തരത്തിലുള്ള നമ്പര്‍ ലേലം നടക്കാറുണ്ടെങ്കിലും കൊച്ചി, കാക്കനാട് നടക്കുന്ന ലേലങ്ങള്‍ക്കാണ് താരപ്രഭ ലഭിക്കാറ്. ജോലിയുടെ ഭാഗമായി മിക്ക സിനിമക്കാര്‍ക്കും കൊച്ചി നഗരത്തില്‍ വാസസ്ഥാനമുണ്ടെന്നതാണ് ഇതിന് കാരണം. കെഎല്‍ 7- സികെ സിരീസിലെ ചില നമ്പരുകള്‍ക്കാണ് ഇത്തവണ താരപ്രഭ ലഭിച്ചത്. കാരണം അതിനുവേണ്ടി ആവശ്യമുന്നയിച്ചവര്‍ തന്നെ. മോഹന്‍ലാലും ദിലീപുമാണ് പ്രിയനമ്പരുകളുടെ ലേലത്തില്‍ പങ്കെടുത്തത്.കെഎല്‍ 7-സികെ 7 എന്ന നമ്പരിനുവേണ്ടിയാണ് മോഹന്‍ലാലിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. പുതിയ ഇന്നോവ കാറിനുവേണ്ടിയായിരുന്നു ഇത്. 31,000 രൂപയ്ക്കാണ് മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചത്. എന്നാല്‍ ദിലീപിന് ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കാനായില്ല.
പുതിയ പോര്‍ഷെ കാറിനുവേണ്ടിയായിരുന്നു ദിലീപിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. കെഎല്‍ 7-സികെ 1 എന്ന നമ്പരിനുവേണ്ടിയായിരുന്നു ദിലീപ് ബുക്ക് ചെയ്തത്. എന്നാല്‍ അഞ്ച് ലക്ഷം വരെ അദ്ദേഹത്തിന്റെ പ്രതിനിധി വിളിച്ചുവെങ്കിലും നമ്പര്‍ സ്വന്തമാക്കാനായില്ല. അവസാനം ഏഴരലക്ഷം രൂപയ്ക്കാണ് മറ്റൊരാള്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. മുഴുവന്‍ ലേലനടപടികളിലും കൂടെ 13.56 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നേടിയത്.