മാണിക്യന്റെ പുത്തൻ ലുക്കിനായി മലയാളസിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനിൽ എത്തുന്നത്. ശ്രീകുമാർ മേനോൻ  സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെ‍ഡ്യൂൾ കൂടിയാണിത്.

ഒടിയൻ മാണിക്യന്റെ യൗവനകാലഘട്ടമാണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ലുക്കുമായാകും മോഹൻലാൽ വരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ നിർദേശപ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ പുതിയ മേക്ക് ഓവേറിന് പിന്നിൽ പ്രവർത്തിക്കുക. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീകുമാർ എന്ന സംവിധായകന്റെയും ഒടിയൻ ടീമിന്റെയും പിൻബലത്തിലാണ് മോഹൻലാൽ ഇത്തരമൊരു രൂപമാറ്റത്തിന് തയ്യാറെടുത്തതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്രയും വർഷത്തെ അഭിനയജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മേക്കോവറാണ് മോഹൻലാൽ നടത്തുക. ഒടിയൻ മാണിക്യന്റെ യൗവനം അതുപോലെ തന്നെ ആവാഹിക്കുവാന്‍ മോഹൻലാൽ തയ്യാറാകുകയായിരുന്നു. വളരെ ക്ഷമയും ചിട്ടവട്ടങ്ങളുമുള്ള പ്രക്രിയകളിലൂടെയാണ് ഇതിനായി അദ്ദേഹത്തിന് കടന്ന് പോകേണ്ടി വരുന്നത്. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതികഠിനമായ ഘട്ടങ്ങളും ഇതിൽ ഉൾപ്പെടും.

അതേസമയം ഒടിയൻ സിനിമയുടെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത നിഷേധിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി. ഇത്തരം വാർത്തകൾക്ക് പ്രതികരണം പോലും അർഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇവർ വ്യക്തമാക്കി. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.