ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ നടൻ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പാളി. തന്നെ ആർഎസ്എസ് പാളയത്തിൽ കെട്ടുന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിൽ പോലും താരം അസ്വസ്ഥനാണെന്ന സൂചനയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്നും വ്യക്തമല്ല.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന് ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ബിജെപിയിലേക്കെന്ന പ്രചരണം വന്നു തുടങ്ങിയത്.
അതേസമയം, സംഘപരിവാര്‍ നേതൃത്വം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ഇക്കാര്യം ആർഎസ്എസ്-ബിജെപി നേതൃത്വം മോഹൻലാലുമായി സംസാരിച്ചിട്ടില്ല. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. ഈ നീക്കം തുടക്കത്തിൽ തന്നെ മോഹൻലാൽ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരോടൊക്കെ വളരെ നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കെപിസിസി നേതൃത്വവുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങി സൗഹൃദങ്ങൾ നഷ്ടപ്പെടുത്താൻ താത്പര്യമില്ലെന്നതാണ് മോഹൻലാലിന്‍റെ നിലപാട്.
മോഹൻലാലിനെ ആർഎസ്എസ് ക്യാന്പിൽ എത്തിക്കാനുള്ള നീക്കം ദേശീയ മാധ്യമങ്ങളിലടക്കം മുൻപ് വാർത്തയായിട്ടുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ച് താരം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെ അവിസ്മരണീയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മോഹൻലാലിന്‍റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
Leave a Reply