യുവനടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ പ്രതികരണങ്ങൾ വരികയാണ്.അതേസമയം വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ തന്നെ രംഗത്തെത്തിയിരുന്നു.’അമ്മ സംഘടനയിൽ പ്രതീക്ഷയുണ്ടെന്നും കൂടെ ഉണ്ടാവുമെന്നുമുള്ള നിലപാടാണ് ഷെയ്ൻ സ്വീകരിച്ചത്.ഇപ്പോഴിതാ ‘അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ പ്രതികരണം എത്തുകയാണ്.സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടന. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിച്ചുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. നിലവിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനും ഇതേ നിലപാട് തന്നെയാണെന്ന് അവര്‍ പറയുന്നു.

നിർമ്മാതാക്കളുടെ സംഘടനയുടെ പ്രവൃത്തിയിൽ മുന്നറിയിപ്പ് നൽകി നടൻ സലിം കുമാർ രംഗത്തെത്തിയിരുന്നു.

സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത് എന്നും ഷെയിന്‍ നിഗം വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കണ മെന്നും സലിംകുമാർ മുന്നറിയിപ്പ് നൽകുന്നു.

സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം, സലിംകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

നമസ്കാരം.
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.
ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.
സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്.കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക.

പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണ്.
ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്.

ഷെയിൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമ്മാതാവിന് ഇല്ലേ.

നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്.

നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.

ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും ഓർക്കുമല്ലോ.
സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരിൽ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാർ പറഞ്ഞിരിക്കുന്നത്. ഷെയിൻ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാർ.