ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയിൽ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയിൽ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലങ്കാഷെയറിനോടൊപ്പം അയൽപ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കൻ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെൻഡൽ, അൾവർസ്റ്റൺ, കാൺഫോർത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേൾക്കുകയും ചെയ്തതായി നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങൾ പ്രവർത്തിക്കുകയും, ആദ്യം ഒരു വാഹനാപകടമോ ക്വാറി സ്ഫോടനമോ സംഭവിച്ചതെന്ന തെറ്റിദ്ധാരണയും ഉണ്ടായി. എങ്കിലും, എവിടെയും നാശനഷ്ടമോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബ്രിട്ടനിൽ വർഷം 200–300 ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും , അവയിൽ 20–30 എണ്ണം മാത്രമാണ് സാധാരണയായി ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. 2025 ഒക്ടോബർ 20-ന് പെർത്ത്–കിൻറോസ് മേഖലയിൽ രേഖപ്പെടുത്തിയ 3.3 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം പൊതുജനങ്ങൾക്ക് വ്യക്തമായി അനുഭവപ്പെട്ട ഏറ്റവും പ്രബലമായ ഭൂചലനമാണ് ഇന്ന് ഉണ്ടായത് . ബ്ലാക്ക്പൂൾ വരെയും ചിലർക്ക് പ്രകമ്പനം അനുഭവവേദ്യമായതായി അന്താരാഷ്ട്ര സീസ്മിക് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.