ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നടുവേദനയെ തുടർന്ന് ലണ്ടനിലെ സ്മാരക കുടീരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാതെ എലിസബത്ത് രാജ്ഞി. യുദ്ധസ്മരണാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ രാജ്ഞി നിരാശയിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ ചുമതലകളിൽ നിന്ന് വിട്ടുനിന്ന രാജ്ഞി, ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് കൊട്ടാരം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് രാജ്ഞി ആരാധനയിൽ പങ്കെടുക്കില്ലെന്ന് കൊട്ടാരം അറിയിച്ചത്. മുൻ വർഷങ്ങളിലെന്നപോലെ, ചാൾസ് രാജകുമാരൻ രാജ്ഞിയ്ക്ക് വേണ്ടി ഒരു റീത്ത് സമർപ്പിച്ചു.

അനുസ്മരണ ഞായറാഴ്ചയിലെ ആരാധനയിൽ പങ്കെടുക്കാൻ രാജ്ഞി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് കൊട്ടാരം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നടുവേദനയുണ്ടെങ്കിലും ആശുപത്രി ചികിത്സ ആവശ്യമില്ല. പരിശോധനകൾക്കായി ഒക്ടോബർ 20 ന് ആശുപത്രിയിൽ കഴിഞ്ഞ ശേഷം നവംബർ പകുതി വരെ വിശ്രമിക്കാൻ ഡോക്ടർമാർ രാജ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്ലാസ്‌ഗോയിൽ നടന്ന കോപ്26 കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്ഞി നേരിട്ട് പങ്കെടുത്തിരുന്നില്ല.

യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ ആളുകളെയും ഇന്ന് അനുസ്മരിക്കും. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിക്ക് പുറത്തുള്ള ഫീൽഡ് ഓഫ് റിമെംബ്രൻസിൽ കോൺവാൾ ഡച്ചസ് ഒരു കുരിശ് സ്ഥാപിച്ചു. ലിവർപൂളിൽ, ഡ്യൂക്ക് ഓഫ് ലങ്കാസ്റ്റർ റെജിമെന്റിന്റെ ഒന്നാം ബറ്റാലിയൻ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് രാജ്യം രണ്ട് മിനിറ്റ് നിശബ്ദത പാലിച്ചു.