മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കിൽ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കുക. എന്നാൽ വ്യാജനന്പരുകളിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Leave a Reply