റോയി ജോസ്
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.
കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്. പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!