മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫെസ്സറുടെ വേഷം അഴിച്ചുവച്ച് നടൻ അൽവരോ മോർത്തെ. ലോകം മുഴുവൻ ആരാധകരുള്ള മണി ഹെയ്സറ്റ് സീരീസിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. സെറ്റില്‍ നിന്നും കാറോടിച്ച് പോകുന്ന അൽവരോ വിഡിയോയില്‍ ഒന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്യുന്നത് . ഇടയ്ക്ക് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നുമുണ്ട് . എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള വിടവാങ്ങൽ കുറിപ്പും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു.

മണി ഹെയ്സ്റ്റ് സെറ്റിനോട് അവസാനമായി വിട പറയുമ്പോൾ വാക്കുകള്‍ അനാവശ്യമാണ്. ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്‌ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി.’

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ നെറ്റ്‌വർക്കിലാണ് ആദ്യം റിലീസ് ചെയ്യുന്നത്.15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച സിരീസിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു.

സീരിസ് ഏറ്റെടുത്ത് ഇംഗ്ലിഷില്‍ ഡബ്ബ് ചെയ്തതോടെ ലോകം മുഴുവനുള്ള പ്രേക്ഷകർ സീരീസിന്റെ ആരാധകരായി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി..2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്. ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹൈയ്സ്റ്റ് ഉണ്ട്. അവസാന സീസണ്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.

 

 

View this post on Instagram

 

A post shared by Álvaro Morte (@alvaromorte)