ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജൂലൈയിൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ള ആളുകളുടെ എണ്ണം 67 ലക്ഷം ആയി ഉയർന്നു. ജനസംഖ്യയുടെ എട്ടിൽ ഒരാൾ എന്ന നിലയിൽ. ആക്സിഡന്റ് & എമർജൻസിയിൽ 12 മണിക്കൂറിലധികം കാത്തിരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. ദേശീയ ഇൻഷുറൻസിൽ 1.25 ശതമാനം വർധന ഏർപ്പെടുത്തിയതിന് ശേഷവും പ്രതിസന്ധി രൂക്ഷമായത് വിമർശനത്തിനിടയാക്കി. പൊള്ളൽ, അപസ്മാരം, പക്ഷാഘാതം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പോലും ആംബുലൻസ് എത്തുന്നത് ഒരു മണിക്കൂർ വൈകിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നികുതി വർധന എൻഎച്ച്എസിനും സോഷ്യൽ കെയറിനുമായി 12 ബില്യൺ പൗണ്ട് വാർഷിക ഫണ്ടിംഗ് നൽകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോഴും ആരോഗ്യ മേഖലയിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. അതേസമയം, ശമ്പളം വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാരും നേഴ്സുമാരും.
ശമ്പളത്തിൽ കാര്യമായ വർധന വരുത്തിയില്ലെങ്കിൽ സമരത്തിന് ഒരുങ്ങുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. 26 ശതമാനം വർധനയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെടുന്നത്. അടുത്തിടെ ജൂനിയർ ഡോക്ടർമാർക്കിടയിൽ നടത്തിയ ബിഎംഎ സർവേയിൽ, 83 ശതമാനം പേർ 2 ശതമാനം വർധന പൂർണ്ണമായും അസ്വീകാര്യമാണെന്ന് പറഞ്ഞു. ശമ്പളം പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായില്ലെങ്കിൽ സമരത്തിന് തയ്യാറാണെന്ന് 72 ശതമാനം പേരും പറഞ്ഞു.
Leave a Reply