പാലാ/ രാമപുരം: സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്. രാമപുരത്ത് വച്ച് നെടുമ്പാശേരിയിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ യുവതിക്കും ഇവരുടെ പിതാവിനും സഹോദരനും മർദനമേറ്റു. ശനിയാഴ്ച രാത്രി 9.30 ന് പാലാ നെച്ചിപ്പുഴൂരായിരുന്നു സംഭവം. റാന്നി ഇടമണ് തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജി(17), മകൾ മേഘ(22) എന്നിവർക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണൻ (78), സെയിൽ ടാക്സ് ഓഫീസിലെ ജീവനക്കാരൻ നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവർ അറസ്റ്റിലായി. കേസിൽ ഇനിയും ഏഴോളം പേരെ പിടികൂടാനുണ്ട്.
മുംബൈയിൽ നഴ്സായ മേഘയുമായി സജി മാത്യുവും ജോർജിയും നെടുമ്പാശേരിയിൽനിന്ന് റാന്നിയിലേക്കു വരികയായിരുന്നു. നെച്ചിപ്പുഴൂർ ഭാഗത്തെത്തിയപ്പോൾ മേഘയ്ക്കു ഛർദിക്കാൻ തോന്നുകയും കാർ നിർത്തുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിനിന്നും ഇറങ്ങിവന്ന ജെനീഷും സംഘവും ഛർദിക്കാൻ നിന്ന മേഘയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. ഇത് സജിയും ജോർജിയും ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന ജെനീഷും സംഘവും കാർ യാത്രക്കാർ മദ്യപിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പത്തോളം പേർ ചേർന്ന് മേഘയെ ഉൾപ്പെടെ മർദിച്ചു.
സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെയും സംഘം മർദിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ പോലീസിൽ വിവരം അറിയച്ചതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. പോലീസ് എത്തിയാണ് സജിയേയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. ഇതേ ആശുപത്രിയിൽ ജെനീഷും ബാലകൃഷ്ണനും ജോഷിയും ചികിത്സ തേടിയെത്തിയതോടെ മേഘയും പിതാവും അക്രമികളെ തിരിച്ചറിഞ്ഞു പോലീസിനു വിവരം കൈമാറി. പോലീസ് ഇവരെ ആശുപത്രിയിൽനിന്നും അറസ്റ്റ് ചെയ്തു. അക്രമണ സംഭവത്തിൽ ഉൾപ്പെട്ട ഏഴോളം പേരെ ഇനിയും പിടികൂടാനുണ്ട് എന്നാണ് അറിയുന്നത്. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
Leave a Reply