ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടിയേറ്റ പ്രശ്നം വീണ്ടും ബ്രിട്ടീഷ് സർക്കാരിനെ തലവേദനയിലാഴ്ത്തുന്നു. വെള്ളിയാഴ്ച മാത്രം 1,072 പേർ ചെറിയ ബോട്ടുകളിലൂടെയാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ഡോവറിൽ എത്തിയത്. ഇതോടെ 2025-ൽ ഇതുവരെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയവരുടെ എണ്ണം 32,103 ആയി .ആദ്യമായാണ് ഈ വർഷം ഒരു ദിവസം ഇത്രയും വലിയൊരു അനധികൃത കുടിയേറ്റം ഉണ്ടാകുന്നത് .
ഫ്രാൻസുമായി ഒപ്പുവെച്ച തിരിച്ചയക്കൽ കരാർ കുടിയേറ്റത്തെ തടയും എന്നായിരുന്നു സർക്കാരിന്റെ വാദം. കരാർ പ്രകാരം കടന്നു വരുന്നവരെ ഉടൻ തടങ്കലിലാക്കി, ഏകദേശം രണ്ടു ആഴ്ചയ്ക്കുള്ളിൽ ഫ്രഞ്ച് അധികാരികളുമായി ധാരണയായി തിരിച്ചയക്കാനാണ് വ്യവസ്ഥ. ഇങ്ങനെ ഒരാളെ തിരിച്ചയയ്ക്കുന്ന സമയത്ത് നിയമപരമായി ഇവിടേയ്ക്ക് വരാൻ അവകാശവാദമുള്ള മറ്റൊരാളെ ഫ്രാൻസിൽ നിന്ന് സ്വീകരിക്കാനും പദ്ധതിയുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യ, എറിത്രിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വെറും മൂന്ന് പേരെയാണ് തിരിച്ചയച്ചിട്ടുള്ളത് .
ഭരണകക്ഷി മന്ത്രിമാർ പദ്ധതിയെ കുറിച്ച് വാഴ്ത്തി പറയുമ്പോൾ പ്രതിപക്ഷം സർക്കാരിനെ കടുത്ത വിമർശനത്തിന് ഇരയാക്കുകയാണ്. മൂന്നു പേരെ മാത്രം തിരിച്ചയച്ചിട്ടുള്ളത് ഈ പദ്ധതിയുടെ പരാജയത്തെ ആണ് കാണിക്കുന്നത് എന്നാണ് ഷാഡോ ഹോം സെക്രട്ടറി പ്രതികരിച്ചത്. കാലാവസ്ഥയും കടൽ ശാന്തമായതും അനുകൂലമായപ്പോഴാണ് വലിയ തോതിൽ കുടിയേറ്റക്കാർ വരുന്നത്. വെള്ളിയാഴ്ചയ്ക്കു മുമ്പ് തുടർച്ചയായി എട്ട് ദിവസം ഒരാൾ പോലും കടന്നു വന്നിരുന്നില്ല . സെപ്റ്റംബർ 6-ന് 1,101 പേരും വെള്ളിയാഴ്ച 1,072 പേരും എത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ കണക്കുകളായി. സർക്കാരിന്റെ “വൺ-ഇൻ, വൺ-ഔട്ട്” പദ്ധതിയെ ജനങ്ങൾ വിശ്വാസ്യതയോടെ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടിയേറ്റ പ്രശ്നം സർക്കാർ വാഗ്ദാനങ്ങൾക്കു വിരുദ്ധമായി വ്യാപകമാകുമ്പോൾ, ഭരണകക്ഷിയുടെ ജനപിന്തുണയിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .
Leave a Reply