സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസ് വ്യാപനം മന്ദഗതിയിൽ ആയതോടെ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പദ്ധതിയിടുന്നു. ജൂൺ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. സേജ് വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം കോവിഡ് അലേർട്ട് നാലിൽ നിന്നും മൂന്നിലേക്ക് കുറച്ച അവസ്ഥയിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള തീരുമാനം കൈകൊണ്ടത്. ആദ്യമേ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ആയിരിക്കും ഇളവുകൾ കൊണ്ടുവരിക. അവിടെ രോഗവ്യാപനത്തിന്റെ അപകടസാധ്യത കുറവാണെന്നു വിദഗ്ദർ അഭിപ്രായപ്പെടുന്നു. വീട്ടിൽ ഉള്ളവർക്ക് തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താമെങ്കിലും സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും പൂന്തോട്ടങ്ങളിൽ കൂടിക്കാഴ്ച നടത്തുവാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. സ്കോട്ട്ലൻഡിലും കൂടുതൽ ഇളവുകൾ കൊണ്ടുവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. മാർച്ച്‌ 23ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷം തുറന്ന് പ്രവർത്തിക്കാത്ത എല്ലാ കടകളും ജൂൺ 15ന് ശേഷം തുറക്കാമെന്ന് പ്രധാനമന്ത്രി ഇതിനോടകം പറഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റു തീരുമാനങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. രോഗവ്യാപനതോത് കഴിഞ്ഞ ആഴ്ച കുറഞ്ഞെന്നും അതിനാൽ നിയന്ത്രണം ലഘൂകരിക്കുമെന്നും ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടത് വലിയ തിരിച്ചടിയായി. അനേകം ഡോക്ടർമാരും മറ്റു സ്റ്റാഫുകളും സൈറ്റിൽ തകരാർ ഉണ്ടായെന്നു റിപ്പോർട്ട്‌ ചെയ്തു. ജൂൺ അവസാനം ആവാതെ പ്രാദേശിക ട്രാക്കിംഗ് പൂർണ്ണമായും നടക്കില്ലെന്ന് എൻഎച്ച്എസ് ടെസ്റ്റ് ആന്റ് ട്രേസ് മേധാവി ബറോണസ് ഡിഡോ ഹാർഡിംഗ് അറിയിച്ചതായി എംപിമാർ വെളിപ്പെടുത്തി.

ഈ പുതിയ ട്രേസിങ് സിസ്റ്റം രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി സെൽഫ് ഐസൊലേഷനിൽ പോകുവാനും പരിശോധനയ്ക്ക് വിധേയരാവാനും നിർദേശിക്കും. ഓൺലൈൻ വഴി കൊറോണ വൈറസ് ടെസ്റ്റ്‌ നടത്തുകയോ 119മായി ബന്ധപ്പെടുകയോ ചെയ്യാം. ടെസ്റ്റ്‌ പോസിറ്റീവ് ആണെങ്കിൽ ഏഴു ദിവസം പൂർണ്ണ ഐസൊലേഷനിൽ കഴിയണം. ഒപ്പം കുടുംബാംഗങ്ങളും 14 ദിവസം വീട്ടിൽ തന്നെ തുടരണം. ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ ഐസൊലേഷന്റെ ആവശ്യമില്ല. ഒപ്പം രോഗികളുമായി സമ്പർക്കം പുലർത്തിയവരെ ഈ സിസ്റ്റത്തിലൂടെ കണ്ടെത്താൻ കഴിയും. എന്നാൽ മുഴുവൻ സിസ്റ്റവും തകർന്നുവെന്ന വാദം ആരോഗ്യവകുപ്പ് വക്താവ് തള്ളി. രാജ്യത്ത് ആർക്കും ലക്ഷണങ്ങളുണ്ടെങ്കിൽ ലോഗിൻ ചെയ്ത് ഒരു ടെസ്റ്റ് ബുക്ക് ചെയ്യാമെന്നും രോഗപ്രതിരോധത്തിനുള്ള നടപടി സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ഐസൊലേഷൻ ഇപ്പോൾ നിയമപരമായി നിർബന്ധിതമാക്കില്ലെന്ന് ഹാൻകോക് ഇന്ന് രാവിലെ നടന്ന അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഭാവിയിൽ ഇതിനൊരു മാറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.