ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിബിയയിൽ നിന്ന് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് മെഡിറ്റേറിനിയൻ കടലിൽ 30 പേർ മരിച്ചു. 47 ആളുകളുമായി യാത്ര പുറപ്പെട്ട ബോട്ട് ബെൻഗാസിക്കിന് വടക്ക്-പടിഞ്ഞാറ് 110 മൈൽ അകലെയാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥ ആണ് അപകട കാരണം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇവർ യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിലായിരുന്നു.

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്. 17 പേരുടെ ജീവൻ ഫ്രൊലാൻഡ് എന്ന വ്യാപാര കപ്പലിലെ ജീവനക്കാരാണ് രക്ഷിച്ചത്. അപകടത്തിൽപെട്ടവർ സഹായത്തിനായി ഇറ്റാലിയൻ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും യാതൊരു തരത്തിലുള്ള സഹായങ്ങളും അവർക്ക് ലഭിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉണ്ട് .

കഴിഞ്ഞ ദിവസം ഇറ്റലിയുടെ തീരത്ത് ബോട്ട് മുങ്ങാതിരിക്കാൻ മനുഷ്യ കടത്ത് സംഘം കുട്ടികളെ കടലിലേക്കെറിഞ്ഞെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് അപകടത്തിൽ പെട്ട് 14 കുട്ടികളടക്കം 65 പേർ മരണപ്പെട്ടിരുന്നു.