ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ യാത്രാ അസോസിയേഷനായ എ.ബി.ടി.എ. (ABTA) നടത്തിയ പുതിയ പഠനപ്രകാരം, യാത്രാ പദ്ധതി തയ്യാറാക്കുന്നതിനും ബുക്കിംഗിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 4 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത് ഈ വർഷം നിരക്ക് 8 ശതമാനമായി ഉയർന്നിട്ടുണ്ട്. യുവതലമുറയിലെ എ ഐ ഉപയോഗത്തിൻെറ വർദ്ധനവും ഇതിന് ഒരു കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രാ പദ്ധതി തയ്യാറാക്കുമ്പോൾ 48% പേർ ഇൻറർനെറ്റിൽ തിരയുമ്പോൾ 41% പേർ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുന്നു. അതേസമയം 36% പേർ ട്രാവൽ വെബ്സൈറ്റുകളെയും ഗൈഡ് ബുക്കുകളെയും ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രാവൽ ബിസിനസുകൾ എ.ഐ. ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നും എ.ഐ.യുടെ ഉയർന്നുവരവ് ബിസിനസുകൾക്ക് വെല്ലുവിളിയും അവസരവുമാണെന്നും എ.ബി.ടി.എ.യുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ടാൻസർ പറയുന്നു. ഓപ്പൺ എ ഐ നടത്തുന്ന ചാറ്റ് ജിപി റ്റി അടുത്തിടെ Booking.com Expedia പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ, യാത്രാ പദ്ധതികൾ എ.ഐ. മുഖേന നേരിട്ട് ചെയ്യാനുള്ള സൗകര്യം വർധിച്ചു. എങ്കിലും സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനത്തിൽ താഴെപേർ മാത്രമാണ് അവരുടെ യാത്രാ പദ്ധതി പൂർണമായി എ.ഐ വഴി ചെയ്യാൻ അഭിപ്രായപ്പെട്ടത്.
മുൻപ് ട്രാവൽ ഏജന്റുമാരെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ എഐയിലേയ്ക്ക് മാറിയിട്ടുണ്ട്. അതുപോലെതന്നെ പാൻഡെമിക്കിന് ശേഷം അവധി യാത്രകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാണെന്നും പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 87% പേർ യാത്രകൾ നടത്തിയതായി കണ്ടെത്തി. ജനപ്രിയമായ വിദേശ യാത്രാ ലക്ഷ്യസ്ഥാനമായി സ്പെയിൻ ആണ് യാത്രക്കാർ ശുപാർശ ചെയ്യുന്നത്. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, യുഎസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ പിന്നിലുണ്ട്.
Leave a Reply