ഈ വർഷം പൂർത്തിയാകാൻ രണ്ടുമാസം കൂടി ബാക്കി നിൽക്കെ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ഇതുവരെ എത്തിയവരുടെ എണ്ണം 2023 -ൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ മൊത്തം എണ്ണത്തേക്കാൾ കൂടുതൽ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. അനധികൃത കുടിയേറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും എന്ന ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കെയർ സ്റ്റാർമർ സർക്കാരും പരാജയപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഒക്ടോബർ 25-ാം തീയതി വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം ഇതുവരെ 29,578 പേരാണ് ചാനൽ കടന്ന് അനധികൃതമായി യുകെയിൽ എത്തിയത്. 2023 -ൽ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 29347 ആയിരുന്നു. എന്നാൽ 2022 – ൽ ചെറുവള്ളങ്ങളിൽ എത്തിയവരുടെ എണ്ണം 45,755 ആയിരുന്നു. നിലവിലെ കണക്കുകൾ വെച്ച് 2022 – ലെ അനധികൃത കുടിയേറ്റത്തെക്കാൾ കൂടുതൽ 2024 ൽ ആകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയതായി ആഭ്യന്തര ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം 16336 പേരാണ് ചെറു വള്ളങ്ങളിൽ ചാനൽ കടന്നെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നിരീക്ഷണം ശക്തമായെങ്കിലും നടപടികൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് പേർ ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. ഇതോടെ ഇതുവരെ ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം 56 ആയി.