ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ കാര്‍ വ്യവസായത്തിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് നിര്‍മാതാക്കളും ആണവ രംഗത്തെ വിദഗ്ദ്ധരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വ്യവസായ മേഖലക്കുണ്ടായ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ യൂറാറ്റം എന്ന യൂറോപ്യന്‍ ആണവ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടനിലെ ഊര്‍ജോല്‍പാദന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും അത് വളര്‍ന്നുവരുന്ന ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

നിക്ഷേപം വലിയ തോതില്‍ കുറയുമെന്നാണ് കാര്‍ വ്യവസായ മേഖലയുടെ ഭീതിയെന്ന് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് അഭിപ്രായപ്പെട്ടത്. വ്യവസായം യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. കാരണം ബ്രെക്‌സിറ്റ് മൂലമുള്ള പ്രത്യാഘാതങ്ങള്‍ തടയുന്നതിന് കോടിക്കണക്കിന് പൗണ്ട് ചെലവുള്ള പദ്ധതികള്‍ ഇനി ആവിഷ്‌കരിക്കേണ്ടി വരും. നിര്‍മാതാക്കളില്‍ 80 ശതമാനവും യുകെ യൂണിയനില്‍ തുടരണമെന്നാണ് താല്‍പര്യപ്പെടുന്നത്.

യുകെ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന് ബ്രെക്‌സിറ്റ് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ പറയുന്നു. യൂറാറ്റമില്‍ നിന്ന് പിന്മാറുന്നത് വൈദ്യുതി മേഖലയില്‍ തിരിച്ചടിക്ക് സാധ്യത ഉയര്‍ത്തുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അതിന് അനുസൃതമായി വൈദ്യുതി നല്‍കാനുള്ള ശേഷി ബ്രെക്‌സിറ്റോടെ രാജ്യത്തിന് നഷ്ടമാകുമെന്ന് പ്രശസ്ത ആണവ ശാസ്ത്രജ്ഞനായ പ്രൊഫ. മാര്‍ട്ടിന്‍ ഫ്രിയര്‍ മുന്നറിയിപ്പു നല്‍കി. പിന്‍മാറാനുള്ള നീക്കം ദീര്‍ഘദൃഷ്ടിയില്ലാത്തതും അപകടകരവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.