ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ കൊണ്ടുവരാനിരിക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും. ലിവർപൂൾ സിറ്റി റീജിയന് ഒരു പുതിയ “ത്രീ ടയർ” സിസ്റ്റത്തിൽ കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു കരാറും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് നഗര മേഖലയിലെ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലെ പ്രാദേശിക നേതാക്കളും സർക്കാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഒക്ടോബർ 6 ന് അവസാനിച്ച ആഴ്ചയിൽ ലിവർപൂളിൽ ഒരു ലക്ഷത്തിൽ 600 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക അതോറിറ്റി ജില്ലകളായ ഹാൽട്ടൺ, നോസ്‌ലി, സെഫ് ടൺ, സെന്റ് ഹെലൻസ്, വിറാൽ, ലിവർപൂൾ എന്നിവ ഉൾപ്പെടുന്നതാണ് ലിവർപൂൾ സിറ്റി റീജിയൺ. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. എമർജൻസി കോബ്ര കമ്മിറ്റി യോഗം ചേർന്നതിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും.
ലിവർപൂൾ സിറ്റി റീജിയനെ ടയർ 3 വിഭാഗത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ജോലികളെയും ബിസിനസുകളെയും പരിരക്ഷിക്കുന്നതിന് സാമ്പത്തിക സഹായത്തോടെ പുതിയ നിയന്ത്രണങ്ങൾ വരുമെന്ന് ഞങ്ങൾ തുടക്കം മുതൽ പ്രതീക്ഷിക്കുന്നതായി മേയർ സ്റ്റീവ് റോതെറാം അറിയിച്ചു. നഗര മേഖലയ്ക്ക് ഒരു പിന്തുണ പാക്കേജ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ടയർ 3 ൽ മാഞ്ചസ്റ്ററിനെ ഉൾപ്പെടുത്താൻ നീക്കം ഉണ്ടായിരുന്നെങ്കിലും തുടർ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാമ്പത്തിക ഉപദേഷ്ടാവായ സാച്ച ലോർഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഹോസ്പിറ്റാലിറ്റി, വിനോദ വേദികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നതിനായി നിയമനടപടികൾ ആരംഭിച്ചു. ഈ മേഖലകളെ പൂർണമായും അടച്ചുപൂട്ടാൻ നിലവിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് നിയമങ്ങൾ ലംഘിച്ചതിന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വാരാന്ത്യത്തിൽ 70 ലധികം പേർക്ക് പിഴ ഈടാക്കിയിട്ടുണ്ട്. സ് കോട്ട്‌ലൻഡിലെ സെൻട്രൽ ബെൽറ്റിലുടനീളമുള്ള പബ്ബുകളും റെസ്റ്റോറന്റുകളും വെള്ളിയാഴ് ച്ച മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് അടച്ചിരിക്കുകയാണ്. എന്നാൽ ഒക്ടോബർ 25 ന് ശേഷം വീണ്ടും തുറക്കാൻ യാതൊരു ഉറപ്പുമില്ലെന്ന് ഹോസ്പിറ്റാലിറ്റി മന്ത്രി പറഞ്ഞു. ഇന്നലെ യുകെയിൽ 12,872 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ചയേക്കാൾ 2,294 കേസുകൾ കുറവ്. 65 മരണങ്ങൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Leave a Reply